കുറ്റക്കാരെ തൂക്കിലേറ്റൂ; അല്ലെങ്കില്‍ ഞങ്ങളെ വെടിവച്ചു കൊല്ലൂ: കഠ്‌വ പെണ്‍കുട്ടിയുടെ മാതാവ് 

Published On: 6 May 2018 6:30 AM GMT
കുറ്റക്കാരെ തൂക്കിലേറ്റൂ; അല്ലെങ്കില്‍ ഞങ്ങളെ വെടിവച്ചു കൊല്ലൂ: കഠ്‌വ പെണ്‍കുട്ടിയുടെ മാതാവ് 

ജമ്മു: 'കുറ്റക്കാരെ തൂക്കിലേറ്റൂ, അല്ലെങ്കില്‍ ഞങ്ങളെ വെിവച്ചുകൊല്ലൂ'- ലോക മനസാക്ഷിയെ ഞെട്ടിച്ച കഠ്‌വ പീഡനത്തില്‍ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ മാതാവിന്റെ വാക്കുകളാണിത്. എന്‍ഡിടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് മാതാവിന്റെ പ്രതികരണം. ഇവിടെ യാതൊരു നീതിയുമില്ല.ഞങ്ങള്‍ നാലു പേരെയും വെടിവെച്ച് കൊന്നോളൂ. അവര്‍ സ്വതന്ത്രരാണെങ്കില്‍ ഞങ്ങളെ വധിക്കും. ഞങ്ങളുടെ എല്ലാം നഷ്ടപ്പെട്ടു. വീടും സ്വത്തും എല്ലാം പോയി- അവര്‍ പറഞ്ഞു.

കേസ് ജമ്മുവില്‍ നടത്തുന്നത് ഒഴിവാക്കാനായി പെണ്‍കുട്ടിയുടെ പിതാവ് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥയില്‍ ജമ്മുവില്‍ വിചാരണ സമാധാനപരമായി നടക്കുമെന്ന കാര്യത്തില്‍ തങ്ങള്‍ ആശങ്കയിലാണെന്നും പിതാവ് പറയുന്നു. അതേസമയം, പ്രതിഭാഗം വക്കീല്‍ കേസില്‍ കുറ്റപ്പത്രം തന്നെ സമര്‍പ്പിക്കാന്‍ സമ്മതിച്ചിട്ടില്ലെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ വക്കീല്‍ സുപ്രിം കോടതിയെ അറിയിച്ചു.

സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ നിര്‍ബന്ധം ചെലുത്തുന്നതായി കുട്ടിയുടെ മാതാവ് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഘാതകരെ രക്ഷിക്കാനാണ് സിബിഐ അന്വേഷണത്തിന് പ്രാദേശിക കക്ഷികള്‍ നിര്‍ബന്ധിക്കുന്നത്. ഞങ്ങള്‍ ആദ്യം പരാതി സമര്‍പ്പിച്ച സമയത്ത് പോലീസ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും മാതാവ് പറഞ്ഞു.

Top Stories
Share it
Top