ഇ.ടി മുഹമ്മദ് ബഷീര്‍ കഠ്വ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു

Published On: 2018-04-18 06:00:00.0
ഇ.ടി മുഹമ്മദ് ബഷീര്‍ കഠ്വ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു

ജമ്മു: മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി കഠ്വയില്‍ പീഢനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. പുലര്‍ച്ചെ ജമ്മുവിലെത്തിയ ഇ.ടിയും സംഘവും കാലത്ത് ഒമ്പതിന് പെണ്‍കുട്ടിയുടെ വളര്‍ത്തു പിതാവ് മുഹമ്മദ് യൂസുഫ് പുജ്വാലയെയും മറ്റു കുടുംബാംഗങ്ങളെയും കണ്ടു.

കഠ്‌വയിലെ രസന ഗ്രാമത്തില്‍ നിന്നും ഭീഷണി നേരിട്ടതിനെതുടര്‍ന്ന് പലായനം ചെയ്ത പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് സംഘം ആശ്വസിപ്പിച്ചു. ജമ്മുവില്‍ നിന്നു നൂറിലേറെ കിലോമീറ്റര്‍ അകലെയുള്ള പര്‍വ്വതമേഖലയായ പട്നിടോപിനടുത്ത് സന്‍സറിലാണ് ഇവര്‍ താല്‍ക്കാലികമായി താമസിക്കുന്നത്.

പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ഇ.ടി കുടുംബാഗങ്ങളുമായി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെ ഭാഗത്ത് നിന്ന് എല്ലാതരം സഹായങ്ങളും ഉറപ്പ് നല്‍കുന്നതായി അദ്ദേഹം അവരെ അറിയിച്ചു. കുടുംബത്തിന്റെ സംരക്ഷണത്തിനാവശ്യമായ എല്ലാ പിന്തുണയും പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകും. സുരക്ഷിതമായ ജീവിതമാര്‍ഗങ്ങളുറപ്പുവരുത്താനുള്ള സഹായങ്ങളുണ്ടാകും. കേസില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ പ്രഖ്യാപിക്കും വരെ നിയമസഹായം ഉറപ്പാക്കും. ലോക്സഭയില്‍ വിഷയം ശക്തമായി ഉന്നയിക്കുമെന്നും ഇ.ടി പറഞ്ഞു.

മൂന്നു മണിക്കൂറോളം കുടുംബത്തിനൊപ്പം ചെലവഴിച്ചാണ് സംഘം മടങ്ങിയത്. മുഹമ്മദ്കോയ തിരുന്നാവായ, സിറാജ് നദ്വി, ലത്തീഫ് രാമനാട്ടുകര, റഷീദ് മൂര്‍ക്കനാട്, അഷ്റഫ് അറപ്പുഴ, സൈനുദ്ദീന്‍ ചിറ്റാരി, അബ്ദുറസാഖ് നാദാപുരം, അഷ്റഫ് ഹുദവി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Top Stories
Share it
Top