ഉത്തരേന്ത്യയില്‍ പത്ത് ദിവസം കര്‍ഷക സമരം; കേരളത്തില്‍ പച്ചക്കറി വില ഉയരും

Published On: 1 Jun 2018 11:45 AM GMT
ഉത്തരേന്ത്യയില്‍ പത്ത് ദിവസം കര്‍ഷക സമരം; കേരളത്തില്‍ പച്ചക്കറി വില ഉയരും

ന്യൂഡല്‍ഹി: കര്‍ഷക യൂണിയനുകളുടെ നേതൃത്വത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍. പാല്‍, പച്ചക്കറി, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിതരണം പത്ത് ദിവസത്തേക്ക് നിര്‍ത്തിവെച്ചാണ് കര്‍ഷകര്‍ സമരത്തിലേക്ക് നീങ്ങിയത്. മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ചത്തീസ്ഗഡ് എന്നിവിടങ്ങിലാണ് കര്‍ഷക സമരം ആരംഭിച്ചിരിക്കുന്നത്. ഒറ്റത്തവണ വായ്പ എഴുതിത്തള്ളല്‍, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

150 ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ വര്‍ഷം മദ്ധ്യപ്രദേശിലെ മന്‍സൗറില്‍ പൊലീസ് വെടിവയ്പ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തിലാണ് സമരം ആരംഭിച്ചത്.

അടുത്ത പത്ത് ദിവസത്തേക്ക് സംസ്ഥാനത്ത് പച്ചക്കറിയില്ലാത്തതിനാല്‍ കേരളത്തില്‍ പച്ചക്കറിയുടെ വില ഉയരും. ദില്ലി, മുംബൈ, ബെംഗളൂരു, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ കര്‍ഷകസമരം വലിയ പ്രതിസന്ധിയുണ്ടാക്കും. വഴി തടഞ്ഞും, മാര്‍ച്ചുകള്‍ നടത്തിയും, ധര്‍ണ സംഘടിപ്പിച്ചുമൊക്കെയുള്ള പരമ്പരാഗത രീതികള്‍ വിട്ടുള്ള ഈ സമരരീതി അധികാരികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് കണ്‍വീനര്‍ ശിവ് കുമാര്‍ ശര്‍മ പറഞ്ഞു.

സമരത്തോടെ വരും ദിവസങ്ങളില്‍ പച്ചക്കറി വില ഉയരാന്‍ സാദ്ധ്യതയുണ്ട്. സാധനങ്ങളുമായി കര്‍ഷകര്‍ നഗരങ്ങളിലേക്ക് പോകില്ലെങ്കിലും നഗരങ്ങളിലെ സാധനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഗ്രാമങ്ങളില്‍ വന്ന് വാങ്ങുന്നതിന് തടസമില്ല. സമരത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ കര്‍ഷകര്‍ പാല്‍ റോഡില്‍ ഒഴുക്കി കളഞ്ഞു പ്രതിഷേധിച്ചു. സമരത്തെ നേരിടാന്‍ മദ്ധ്യപ്രദേശില്‍ മാത്രമായി 15,000 പൊലീസുകാരെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇതുവരെ സംഘര്‍ഷങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top Stories
Share it
Top