ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യ: അര്‍ണാബ് ഗോസാമിക്കെതിരെ കേസ്

Published On: 2018-05-06 04:30:00.0
ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യ: അര്‍ണാബ് ഗോസാമിക്കെതിരെ കേസ്

മുംബൈ: റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് കേസെടുത്തു. മുംബൈയില്‍ കഴിഞ്ഞ ദിവസം അന്‍വെയ് നായിക് എന്ന ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേസ്. നായിക്കിന്റെ അരികില്‍ അമ്മ കുമുദയുടെ മൃതദേഹവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

അമ്മ എങ്ങനെ മരിച്ചു എന്നതില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.

റിപബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ്‌ ഗോസാമി, ഫെറോഷ് ശൈഖ്, നിധീഷ് സര്‍ദ്ധ എന്നിവര്‍ക്കെതിരെയാണ് കേസ്. റിപബ്ലിക് ടി.വി നല്‍കാനുളള പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നായിക് ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ആര്‍ണാബിനെതിരെ പൊലീസ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതെസമയം, വാര്‍ത്ത നിഷേധിച്ച് റിപബ്ലിക് ടി.വി അധികൃതര്‍ പ്രസ്താവന ഇറക്കി.

സ്ഥാപനത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്നതിനായി മനപൂര്‍വ്വം കെട്ടിച്ചമച്ച കളളകഥയാണിതെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. റിപബ്ലിക് ടി.വി വിഷയം ഗൗരവമായെടുക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Top Stories
Share it
Top