കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ചുപേരെ തല്ലിക്കൊന്നു

Published On: 1 July 2018 1:30 PM GMT
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ചുപേരെ തല്ലിക്കൊന്നു

മുംബൈ: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് മഹാരാഷ്ട്രയിൽ ആൾക്കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്നു. മഹാരാഷ്ട്ര‍യിലെ ധൂലെ ജില്ലയിലെ റെയിൻപാഡയിൽ രാവിലെ പതിനൊന്നോടെയാണു സംഭവം.

ധുലെ ജില്ലയിലെ റെയിൻപാഡ ഗോത്രമേഖലയാണ്. ഇവിടെ ബസിറങ്ങിയ അഞ്ച് പേർക്കു നേരെയാണ് ആക്രമണമുണ്ടായത്. ബസിറങ്ങിയ സംഘത്തിലെ ഒരാൾ ഒരു പെൺകുട്ടിയോടു സംസാരിച്ചതോടെയാണ് അക്രമത്തിന്റെ തുടക്കം. കുട്ടിയെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന സംശയത്തിൽ നാട്ടുകാർ ഇവരെ വളയുകയായിരുന്നു.

സംഘത്തിലെ അഞ്ചു പേർക്കും കല്ലും വടിയുമുപയോഗിച്ചുള്ള ക്രൂര മർദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇവരെ മുറിയിലടച്ചും മർദം തുടർന്നു. സംഭവ സ്ഥലത്തു തന്നെ അഞ്ചു പേരും കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.

ഗ്രാമത്തിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായിരുന്നു. ഇതാണ് മർദനത്തിന് കാരണമായതെന്ന് കരുതുന്നു. സംഭവത്തിനു പിന്നാലെ ഗ്രാമത്തിലെ 250-ഓളം പേർ ഗ്രാമം വിട്ടതായി ധുലെ എസ്പി എം.രാംകുമാർ പറഞ്ഞു. 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നു.

കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ സംഘങ്ങൾ എത്തുന്നുവെന്ന വ്യാജ സന്ദേശത്തിന്റെ പേരിൽ കേരളത്തിൽ ഉൾപ്പെടെ പലയിടത്തും ഇതര സംസ്ഥാനക്കാർക്ക് നേരെ ആക്രമണമുണ്ടായിരുന്നു.<

>
Top Stories
Share it
Top