യുപിയില്‍ അക്രമിസംഘം 17 കാരന്റെ മലദ്വാരത്തില്‍ ഇരുമ്പ്കമ്പി കയറ്റി 

Published On: 2018-06-17 05:30:00.0
യുപിയില്‍ അക്രമിസംഘം 17 കാരന്റെ മലദ്വാരത്തില്‍ ഇരുമ്പ്കമ്പി കയറ്റി 

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ ഹെഡ്‌കോണ്‍സ്റ്റബിളിന്റെ മകനടക്കം അഞ്ചുപേര്‍ ചേര്‍ന്ന് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കുകയും മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച മോദിനഗറിലാണ് സംഭവം.

തകരാറിലായ മോട്ടോര്‍ ബൈക്ക് ശരിയാക്കുന്നതിന് വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്ന കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. അഞ്ചു പേര്‍ ചേര്‍ന്ന് കുട്ടിയെ ഒരു കടയുടെ ഉള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകുകയും അവിടെവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തെ എതിര്‍ത്ത കുട്ടിയെ മര്‍ദ്ദിക്കുകയും മലദ്വാരത്തില്‍കൂടി ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയുമായിരുന്നു. ആക്രമണദ്യശ്യങ്ങള്‍ പ്രതികൾ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന 1,600 രൂപ തട്ടിയെടുത്തതായും പൊലിസ് വ്യക്തമാക്കി.

കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോസ്‌ക്കോയടക്കം വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം കുട്ടിക്കെതിരെ പ്രതികളില്‍ നിന്നും പീഡനശ്രമമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതികളില്‍ ഒരാളുടെ പിതാവായ പൊലിസുകാരനോട് പരാതിപ്പെട്ടിരുന്നുവെങ്കിലും അയാള്‍ തന്നെയും കുടംബത്തേയും ഭീഷണിപ്പെടുത്തുകയാണുണ്ടായെതെന്ന് 17കാരന്റെ പിതാവ് ആരോപിച്ചു.

Top Stories
Share it
Top