നിറത്തിന്റെ പേരിൽ അവഹേളനം; മുംബൈയിൽ യുവതി അഞ്ചുപേരെ വിഷം കൊടുത്ത് കൊന്നു

Published On: 23 Jun 2018 10:00 AM GMT
നിറത്തിന്റെ പേരിൽ അവഹേളനം; മുംബൈയിൽ യുവതി അഞ്ചുപേരെ വിഷം കൊടുത്ത് കൊന്നു

മുംബൈ: കറുപ്പ് നിറത്തിന്റെ പേരിൽ ബന്ധുക്കളുടെ അവഹേളനത്തിൽ മനംമടുത്ത യുവതി ഭക്ഷണത്തിൽ വിഷംകലർത്തി അഞ്ചുപേരെ കൊന്നു. 120 പേർ ചികിത്സയിലാണ്. മരിച്ചവരിൽ നാലുപേർ കുട്ടികളാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണു സംഭവം. ഒരു ബന്ധുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സത്ക്കാരത്തിനുള്ള ഭക്ഷണത്തിലാണ് 28കാരിയായ യുവതി വിഷം കലർത്തിയത്.

സംഭവത്തിൽ ജ്യോതി സുരേഷ് സര്‍വാസെയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുവര്‍ഷം മുമ്പ് വിവാഹിതയായ ജ്യോതിയെ നിറത്തിന്റെ പേരിലും പാചകം വശമില്ലെന്ന് കാണിച്ചും വീട്ടുകാര്‍ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകമെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

ജൂണ്‍ 18ന് ബന്ധുവിന്റെ ഗൃഹപ്രവേശ സത്ക്കാരത്തിനിടെ കറിയില്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു. ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരേ സ്ഥലത്തുനിന്നും കഴിച്ചവരിലാണു പ്രശ്‌നം കണ്ടതെന്നതിനാല്‍ ഭക്ഷണം വിദഗ്ധ പരിശോധനക്ക് അയച്ചു.

ഫോറന്‍സിക് ലബോറട്ടറി നടത്തിയ പരിശോധനയില്‍ ഭക്ഷണത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്നു ചടങ്ങിനെത്തിയവരെ പൊലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് പ്രതി ജ്യോതിയാണെന്ന് കണ്ടെത്തിയതെന്ന് റായ്ഗഡ് എസ്പി അനില്‍ പരസ്‌കര്‍ പറഞ്ഞു. കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജ്യോതിയെ ശനിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

Top Stories
Share it
Top