ആര്‍എസ്എസ് പ്രചാരക് ക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ പ്രണബ് മുഖര്‍ജി?

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസിന്റ പ്രധാന പരിപാടിയായ 'പ്രചാരക' ക്യാമ്പിന്റെ സമാപനത്തില്‍...

ആര്‍എസ്എസ് പ്രചാരക് ക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ പ്രണബ് മുഖര്‍ജി?

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസിന്റ പ്രധാന പരിപാടിയായ 'പ്രചാരക' ക്യാമ്പിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അവസാന ദിവസമായ ജൂണ്‍ ഒമ്പതിന് മുന്‍ രാഷ്ട്രപതി ക്യാമ്പ് അഭിസംബോധന ചെയ്തു സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കൃത്യസമയത്ത് ഉണ്ടാകുമെന്നാണ് ആര്‍എസ്എസ് അറിയിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചു കഴിഞ്ഞെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍എസ്എസിന്റെ ആസ്ഥാനമായ നാഗ്പൂരില്‍ നടക്കുന്ന അവസാന വര്‍ഷ ക്യാമ്പ് ഓഫീസര്‍ ട്രെയ്നിങ് ക്യാമ്പിന്റെ (സംഘ ശിക്ഷ വര്‍ഗ്) പാസിങ്ങ് ഔട്ട് പരേഡിലാണ് മുന്‍രാഷ്ട്രപതി പങ്കെടുക്കുക. 45 വയസിന് താഴെയുള്ള 800 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഈ ക്യാമ്പിലൂടെ ഒരോ ആര്‍എസ്എസ്‌കാരനും പൂര്‍ണമായും തീവ്രസംഘപരിവാറായി, ഹിന്ദ്വുത്വ നിലപാടുകള്‍ മാത്രം കൈമുതലായി പ്രചാരകരായി പുറത്തിറങ്ങുന്ന പരിപാടിക്കാണ് മുന്‍ രാഷ്ട്രപതി സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.

മുന്‍പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ ഒടിസി ക്യാമ്പില്‍ പങ്കെടുത്ത് ആര്‍എസ്എസ് പ്രചാരകരായി പുറത്ത് വന്നവരാണ്. ബിജെപിയുടെ കേന്ദ്രമന്ത്രിമാരില്‍ പലരും ഒടിസിക്കാരാണ്. 1969 മുതല്‍ കോണ്‍ഗ്രസില്‍ സജീവസാന്നിധ്യമായിരുന്ന മുഖര്‍ജി, ഇന്ദിരാഗാന്ധിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഒരു തവണ ഇന്ദിരയുമായി പിണങ്ങി സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധി തിരിച്ചുവിളിച്ചതിനാല്‍
കോണ്‍ഗ്രസിലേക്ക് തന്നെ വീണ്ടും വരികയായിരുന്നു. കോണ്‍ഗ്രസില്‍ നിര്‍ണായകമായ തീരുമാനങ്ങളും ഇടപെടലുകളും നടത്തിയിരുന്ന മുഖര്‍ജി 2012 ലാണ് രാഷ്ട്രപതിയാവുന്നത്.


Story by
Read More >>