വരണാസിയില്‍ മഴപെയ്യിക്കാന്‍ തവളകള്‍ക്ക് കല്ല്യാണം

Published On: 2018-06-24 06:30:00.0
വരണാസിയില്‍ മഴപെയ്യിക്കാന്‍ തവളകള്‍ക്ക് കല്ല്യാണം

വരണാസി: ഉത്തര്‍പ്രദേശിലെ വരണാസിയില്‍ മഴ പെയ്യാന്‍ പ്ലാസ്റ്റിക് തവളകളെ പ്രതീകാത്മകമായി കല്യാണം കഴിപ്പിച്ചു. ഹിന്ദു മതാചാര പ്രകാരം മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്തുവാനും കടുത്ത ചൂടില്‍ നിന്നും രക്ഷ നേടുകയുമാണ് സംഘാടകരുടെ ലക്ഷ്യം.

''ഞങ്ങള്‍ക്ക് മഴവേണം. പഴയകാലം തൊട്ടുള്ള വിശ്വാസമാണ് തവളുടെ കല്ല്യാണം ഇന്ദ്രദേവനെ സന്തുഷ്ടനാക്കുമെന്നത്. കടുത്ത ചൂടിനാല്‍ ഞങ്ങള്‍ കഷ്ടതയിലാണ്. വരണാസിയിലൊഴികെ പലയിടങ്ങളിലും മഴലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തവളകളുടെ കല്ല്യാണം നടത്തി ഇന്ദ്രദേവനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍'' സംഘാടകര്‍ എ.എന്‍.ഐയോട് പറഞ്ഞു.

കല്ല്യാണത്തിനായി അണിയിച്ചൊരുക്കിയ മണവാളനെയും മണവാട്ടിയേയും അലങ്കരിച്ച പാത്രങ്ങളിലാണ് കൊണ്ടുവന്നത്. ഇവരെ കയ്യിലേന്തിയ സ്ത്രീയും പുരുഷനും പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. ആചാര പ്രകാരം തന്നെയായിരുന്നു തവളകളുടെ കല്ല്യാണം. നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായി തന്നെയാണ് തവളക്കല്ല്യാണം നടത്തിയത്.

അതേസമയം ഉയര്‍ന്ന ചൂട് കാരണം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ജൂണ്‍ 30 വരെ അടച്ചിടാന്‍ ജില്ലാ മജിസ്റ്ററേറ്റ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top Stories
Share it
Top