ഗൗരി ലങ്കേഷിനെ വധിച്ചത് ഹിന്ദുമതത്തെ രക്ഷിക്കാന്‍ പ്രതി പരുശുറാമിന്റെ കുറ്റസമ്മതം

Published On: 2018-06-16 05:00:00.0
ഗൗരി ലങ്കേഷിനെ വധിച്ചത് ഹിന്ദുമതത്തെ രക്ഷിക്കാന്‍ പ്രതി പരുശുറാമിന്റെ കുറ്റസമ്മതം

വെബ്ഡസ്‌ക്: തന്റെ മതത്തെ രക്ഷിക്കാനാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊന്നതെന്ന് പ്രതി പരശുറാം വാഗ്മോറിന്റെ കുറ്റസമ്മതം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

''2017 ലെ മെയ്മാസത്തിലാണ് കൊലയ്ക്കായി തന്നെ ചിലര്‍ നിയോഗിക്കുകയായിരുന്നു. ആരെയാണ് താന്‍ വധിച്ചതെന്ന് അറിയില്ലായിരുന്നു. ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ഒരു കൊലപാതകം നടത്തണമെന്നായിരുന്നു തന്നോട് ആവശ്യപ്പെട്ടത്. സംഭവം നടന്ന ശേഷമാണ് കൊല്ലപ്പെട്ടത് ഗൗരി ലങ്കേഷ് എന്ന സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞത്.'' പരശുറാം തന്റെ കുറ്റസമ്മതത്തില്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം നടത്തിയതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും പരശുറാം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കൊലയ്ക്കായി, തന്നെ സെപ്തംബര്‍ മൂന്നിന് ബെംഗളൂരുവില്‍ എത്തിച്ച് പ്രത്യേകം പരീശീലിപ്പിച്ചതായി പരശുറാം പറഞ്ഞു. '' ബെംഗളൂരുവിലെത്തി മുറിയെടുത്ത ശേഷം കൊല നടത്തേണ്ടതെങ്ങനെയെന്ന് മറ്റൊരാള്‍ പറഞ്ഞുതരികയായിരുന്നുവെന്നും പരശുറാം പറഞ്ഞു. അയാള്‍ സെപ്തംമ്പര്‍ അഞ്ചിന് തന്നെ ആര്‍.ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീട്ടിനരികിലെത്തിക്കുകയായിരുന്നു'' പരശുറാം മൊഴി നല്‍കി.

പരശുറാം ഉള്‍പ്പെടെ മൂന്ന് പേരാണ് വധത്തിനു പിന്നിലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മറ്റുളളവരെ തനിക്കറിയില്ലെന്നും പരശുറാം മൊഴി നല്‍കിയിട്ടുണ്ട്.

Top Stories
Share it
Top