പ്രകോപനപരമായ സന്ദേശങ്ങള്‍ തടയണമെന്ന് വാട്‌സ്ആപ്പിന് കേന്ദ്ര നിര്‍ദ്ദേശം 

Published On: 4 July 2018 3:30 AM GMT
പ്രകോപനപരമായ സന്ദേശങ്ങള്‍ തടയണമെന്ന് വാട്‌സ്ആപ്പിന് കേന്ദ്ര നിര്‍ദ്ദേശം 

ന്യൂഡല്‍ഹി: നിരുത്തരവാദപരവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് വാട്ട്സ് ആപ്പിനോട് കേന്ദ്രം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതു വഴിയുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര നിര്‍ദ്ദേശം.

വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ കാരണം അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ആസ്സാം, മഹാരാഷ്ട്ര, കര്‍ണാടക, ത്രിപുര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊലപാതകങ്ങള്‍ വേദനിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണെന്ന് ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ആശങ്കാവഹമാണ്. ഉചിതമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയണം. സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വേണമെങ്കില്‍ നിയനടപടി സ്വീകരിക്കാം. ഇത്തരം സന്ദേശം മൂലമുണ്ടാകുന്ന അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് വാട്സ്ആപ്പിനു ഒഴിഞ്ഞു മാറാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ എടുക്കുമെന്ന് വാട്ടസ്ആപ്പ് വക്താവ് അറിയിച്ചു.

തെറ്റായ സന്ദേശം വാട്ട്സ് ആപ്പിലുടെ പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 സംസ്ഥാനങ്ങളിലായി 31ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top Stories
Share it
Top