കുട്ടികളെപ്പോലും വെറുതെ വിടുന്നില്ല, ഫലസ്തീന് സമാനമാണ് കശ്മീർ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ്

രാത്രികളിൽ റെയ്ഡിന്റെ പേരിൽ കയറിയിറങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ലൈംഗികമായി ഉപദ്രവിക്കുന്നതായും ചില സ്ത്രീകൾ തങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇത് കശ്മീരിലെ ഒരു ഗ്രാമത്തിലെ മാത്രമല്ല, മുഴുവൻ ഗ്രാമങ്ങളിലേയും കഥയാണ്.

കുട്ടികളെപ്പോലും വെറുതെ വിടുന്നില്ല, ഫലസ്തീന് സമാനമാണ് കശ്മീർ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ്

ശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി നരേന്ദ്ര മോദി സർക്കാർ എടുത്തുകളയുന്നതിന് മുന്നോടിയായി വിച്ഛേദിച്ച ഇന്റർനെറ്റ്,മൊബൈൽ,ലാൻഡ്‌ലൈൻ സേവനങ്ങൾ ഇതുവരെ പുനഃസ്ഥാപിക്കാത്തതിനാൽ കശ്മീരിൽ നടക്കുന്ന സംഭവങ്ങൾ പകുതിയിലധികവും പുറത്തുവരുന്നില്ല. എങ്കിലും ചില മാദ്ധ്യമങ്ങൾ നടത്തുന്ന പ്രത്യേക ഇടപെടലിലൂടെ ചില വസ്തുതകൾ പുറംലോകം അറിയുന്നുണ്ട്.

കശ്മീരിലെ കേന്ദ്ര ഇടപെടലിന് പിന്നാലെ കശ്മീർ ജനതയനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് വനിതാ ആക്ടിവിസ്റ്റ് കവിത കൃഷ്ണൻ പങ്കുവച്ച വിവരങ്ങൾ ഹഫ്‌പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

കവിതാ കൃഷ്ണനെക്കൂടാതെ, സാമ്പത്തിക വിദഗ്ദ്ധൻ ജീൻ ഡ്രെസെ, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൺസ് അസോസിയേഷൻ അംഗം മൈമൂന മൊല്ല, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) വനിതാ വിങ്, സാമൂഹ്യ പ്രവർത്തകൻ വിമൽ ഭായ് എന്നിവർ കശ്മീരിൽ നടത്തിയ വസ്തുതാ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഹഫ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 9 മുതൽ 13 വരെ കശ്മീരിലെ ശ്രീനഗർ, സോപോർ, ബന്തിപൂർ,അനന്ദനാഗ്,ഷോപിയാൻ,പാംപോർ എന്നിവിടങ്ങളിലൂടെ ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൺസ് അസോസിയേഷൻ സെക്രട്ടറിയും സി.പി.ഐ.എം.എല്‍ നേതാവുമായ കവിതാ കൃഷ്ണൻ യാത്ര നടത്തി. യാത്രയിൽ കണ്ട കാഴ്ചകൾ കശ്മീരിനെ ഇറാഖും ഫലസ്തീനുമായി താരത്യപ്പെടുത്താൻ പോന്നതായിരുന്നുവെന്നാണ് കവിത പറയുന്നത്.

കശ്മീരിലെ സ്ഥിതി വളരെ മോശമാണ്. സൈന്യത്തിന്റെ ഉപരോധത്തിലാണ് കശ്മീർ. ഓരോ തെരുവിലും സൈന്യത്തിന്റെ കാവലാണ്. ഓരോ വീടിനു മുമ്പിലും ഓരോ പ്രദേശങ്ങളിലുമെല്ലാം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീതിപ്പെടുത്തുന്നതാണ് കശ്മീരിലെ ഇന്നത്തെ അവസ്ഥ. അവിടെ സംസാരിക്കാനോ, സമാധാനപരമായി പ്രതിഷേധിക്കാനോ പോലുമുള്ള സാദ്ധ്യതയില്ല.

ഈദ് ദിനത്തിൽ പോലും കശ്മീരികളുടെ മുഖത്ത് നിരാശയായിരുന്നു. കൊച്ചുകുഞ്ഞുങ്ങളല്ലാതെ മറ്റാരും പുതുവസ്ത്രം ധരിച്ചിരുന്നില്ല. പള്ളികളിൽ പോയി പ്രാർത്ഥനാ ചടങ്ങുകൾ നടത്താൻ പോലും അവർക്ക് അനുമതിയുണ്ടായിരുന്നില്ല. പെരുന്നാൾ ദിനമായിട്ടും സ്വന്തം വീടുകളിൽ തന്നെ പ്രാർത്ഥന നടത്തേണ്ടി വന്നു. ജനങ്ങളെല്ലാം നിസ്സഹായരായി ദേഷ്യവും സങ്കടവും അടക്കിപ്പിടിച്ചാണ് കഴിയുന്നത്.

കശ്മീർ താഴ്‌വരയിൽ കേന്ദ്ര തീരുമാനത്തിൽ സന്തോഷം പ്രകടപ്പിക്കുന്ന ഒരാളെപ്പോലും തങ്ങൾക്ക് കാണാനായില്ല. മാദ്ധ്യമങ്ങളിലെ വാർത്തകളിൽ അവർ അസ്വസ്ഥരായിരുന്നു. അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു' എല്ലാവരും പറയുന്നത് കശ്മീരിനിത് നല്ല തീരുമാനമാണെന്ന്. പക്ഷേ ഇത് ആരുടെ നന്മയാണ്. ആരാണ് ഇത് ആഘോഷിക്കുന്നത്. ഇത് ഞങ്ങളുടെ നന്മയ്ക്കായാണെങ്കിൽ കുറഞ്ഞപക്ഷം ഞങ്ങൾ സന്തോഷിക്കുന്നുണ്ടോ എന്ന് ഞങ്ങളോട് ചോദിക്കേണ്ടേ? ആരും ചോദിച്ചിക്കുന്നില്ലെങ്കിൽ ഞങ്ങൾ എന്താണ് ചിന്തിക്കേണ്ടത്? കശ്മീരിലെ ജനങ്ങൾക്കെതിരായ അപമാനത്തിന്റെയും അക്രമത്തിന്റെയും നടപടിയായാണ് ഇതിനെ ഞങ്ങൾ കാണുന്നത്.'

കശ്മീരിലാകെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണെന്ന് കവിത പറയുന്നു. തങ്ങൾ താമസിക്കുന്ന ശ്രീനഗറിലെ രാജ്ബഗിൽ പോലും കർഫ്യൂ ആണ്. ഈദ് ദിനത്തിൽ പോലും കർഫ്യൂ നീക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും അവർ പറഞ്ഞു.

കശ്മീരിൽ ആരും പ്രതിഷേധവുമായി രംഗത്തിറങ്ങുന്നില്ലെന്ന മോദിയുടെ വാക്ക് ശരിയാണ്. കാരണം അവർക്ക് പ്രതിഷേധവുമായി പുറത്തിറങ്ങാനുള്ള അനുമതിയില്ല. അല്ലാതെ മോദി സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധമില്ലാത്തതുകൊണ്ടോ, സന്തോഷമുള്ളതുകൊണ്ടോ അല്ല. ശ്രീനഗറിലെ സോറയിൽ നടന്ന പ്രതിഷേധം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അത് താരതമ്യേന വലിയ പ്രതിഷേധമായിരുന്നു.

പെല്ലറ്റ് ഗൺ ഏറ്റ് പരിക്കേറ്റവരെ ആശുപത്രിയിൽ ചെന്ന് കണ്ടിരുന്നു. അവരിൽ പലരും കുട്ടികളാണ്. കശ്മീരിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും സന്ദർശനം നടത്തി. അവിടെയുള്ള കുട്ടികളെ വരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയിരിക്കുകയാണ്. അർദ്ധരാത്രിക്ക് പൊലീസ് വീട്ടിൽ കയറിവന്നാണ് കുട്ടികളെ പിടിച്ചുകൊണ്ട് പോകുന്നത്. പൊലീസ് സ്റ്റേഷനിലാണോ സൈനിക ക്യാമ്പിലാണോ ഇവർ ഉള്ളതെന്ന് പോലും രക്ഷിതാക്കൾക്ക് അറിയില്ല. കുട്ടികളുടെ പേരിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്യുകയോ എഫ്.ഐ.ആർ ഇടുകയോ ചെയ്തിട്ടില്ല.

അറസ്റ്റിലായ ഏഴാംക്ലാസ് വിദ്യാർത്ഥിയെ തങ്ങൾ ചെന്നുകണ്ടിരുന്നതായി കവിത പറഞ്ഞു. അവനേക്കാൾ പ്രായം കുറഞ്ഞ നിരവധി കുട്ടികൾ തടവിലുണ്ടെന്ന് അവൻ തങ്ങളോട് പറഞ്ഞു. ഇത് ഭീകര പ്രവർത്തനമാണെന്നേ വിശേഷിപ്പിക്കാനാകൂവെന്നും കവിത പറയുന്നു.

കുട്ടികളെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് രക്ഷിതാക്കൾക്ക് പോലും അറിയില്ല. അവരാരും പ്രതിഷേധത്തിൽ പങ്കെടുക്കുകയോ അക്രമം നടത്തുകയോ ചെയ്തിട്ടില്ല. എന്നിട്ടും വീടുകളിൽ നിന്നും റോഡുകളിൽ നിന്നും പള്ളിയിലേക്കുള്ള യാത്രാമദ്ധ്യേയും അവർ അറസ്റ്റ് ചെയ്യപ്പെടുകയാണ്.

രാത്രികളിൽ റെയ്ഡിന്റെ പേരിൽ കയറിയിറങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ലൈംഗികമായി ഉപദ്രവിക്കുന്നതായും ചില സ്ത്രീകൾ തങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇത് കശ്മീരിലെ ഒരു ഗ്രാമത്തിലെ മാത്രമല്ല, മുഴുവൻ ഗ്രാമങ്ങളിലേയും കഥയാണ്.

ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും ഒരു മാദ്ധ്യമം പോലും ഈ പ്രദേശങ്ങളിൽ ചെന്ന് റിപ്പോർട്ട് നൽകാൻ തയ്യാറാകാത്തത് എന്താണെന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്ന് കവിത പറഞ്ഞു. ഇവിടങ്ങളിലെല്ലാം തങ്ങൾക്ക് സന്ദർശിക്കാൻ സാധിച്ചു. പക്ഷേ ഒരു മാദ്ധ്യമം പോലും അതിന് തയ്യാറാകുന്നില്ലെന്നും അവർ ആരോപിച്ചു. ഈ സംഭവങ്ങളുടെയെല്ലാം തെളിവുകളും ഗ്രാമങ്ങളിലുള്ളവരുടെ പ്രസ്താവനയുടെ വീഡിയോയും തങ്ങളും പക്കലുണ്ടെന്നും കവിത കൂട്ടിച്ചേർത്തു.

പൊലീസ് പിടിച്ചുകൊണ്ട് പോയ കുട്ടികൾ പൊലീസ് സ്റ്റേഷനിലാണോ സൈനിക താവളത്തിലാണോ ഉള്ളതെന്ന് തങ്ങൾക്ക് അറിയില്ല. പൊലീസ് സ്റ്റേഷനിൽ ഇക്കാര്യം അന്വേഷിച്ച് പോയിട്ടില്ല. അവരുടെ കുടുംബങ്ങൾ അത് ചെയ്യരുതെന്ന് യാജിച്ചതുകൊണ്ട് മാത്രമാണ് പോകാതിരുന്നത്. അവർക്ക് ഭയമാണ്. ഇനിയെന്തെങ്കിലും ചെയ്താൽ ജീവിതം ഇതിലും ദുഷ്‌കരമാകുമോയെന്ന് എന്നും കവിത പറയുന്നു.

Read More >>