ഹമാരാ ബജാജ്: അമിത് ഷായെ 'കുടഞ്ഞ' രാഹുൽ ബജാജിന് കൈയടിച്ച് സോഷ്യൽ മീഡിയ

ട്വിറ്ററിൽ ഹമാരാബജാജ് എന്ന ഹാഷ് ടാഗിലാണ് രാഹുൽ ബജാജിനെ പിന്തുണച്ചും അഭിന്ദിച്ചും പോസ്റ്റുകൾ വരുന്നത്

ഹമാരാ ബജാജ്: അമിത് ഷായെ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് വ്യവസായിയും ബജാജ് ഗ്രൂപ്പ് ചെയർപേഴ്സണുമായി രാഹുൽ ബജാജിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. ട്വിറ്ററിൽ ഹമാരാബജാജ് എന്ന ഹാഷ് ടാഗിലാണ് രാഹുൽ ബജാജിനെ പിന്തുണച്ചും അഭിന്ദിച്ചും പോസ്റ്റുകൾ വരുന്നത്. 'അവസാനം അമിത്ഷായോട് ഒരാൾ ശരിയായ ചോദ്യം ചോദിച്ചിരിക്കുന്നു'-ഒരാൾ ട്വീറ്റ് ചെയ്തു. 'ജനാധിപത്യവും വിമർശനവും എങ്ങനെ ഒന്നിച്ചുപ്രവർത്തിക്കുന്നുവെന്ന് കാണിച്ചുതന്നതിന് നന്ദി'-മറ്റൊരാൾ ട്വീറ്റ് ചെയ്തു. 'ഈ മനുഷ്യൻ ഒറ്റയ്ക്ക് ബി.ജെ.പിക്കെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തി'- എന്നാണ് മറ്റൊരു ട്വീറ്റ്.

കഴിഞ്ഞദിവസം മുംബൈയിൽ സാമ്പത്തിക മാദ്ധ്യമമായ എകണോമിക് ടൈംസ് സംഘടിപ്പിച്ച പുരസ്‌കാരച്ചടങ്ങിൽ മന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് രാഹുൽ ബജാജ് ബി.ജെ.പിയെ കടന്നാക്രമിച്ചത്. രാജ്യത്ത് കേന്ദ്രസർക്കാർ ഭയത്തിന്റെയും അനിശ്ചിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി മൻമോഹൻസിങിന്റെ കാലത്ത് എല്ലാവരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ നിലവിൽ വ്യവസായികൾ മോദി സർക്കാറിനെ വിമർശിക്കാൻ ധൈര്യപ്പെടുന്നില്ല എന്നായിരുന്നു രാഹുലിന്റെ കുറ്റപ്പെടുത്തൽ.

'രണ്ടാം യു.പി.എ കാലത്ത് നിങ്ങൾക്ക് ആരെയും കുറ്റപ്പെടുത്താമായിുരന്നു. നിങ്ങൾ നല്ല ജോലിയാണ് ചെയ്യുന്നത്. എന്നാൽ തുറന്ന മനസ്സോടെ നിങ്ങളെ വിമർശിച്ചാൽ, അത്തരമൊരു ആത്മവിശ്വാസം നിങ്ങൾ അനുവദിക്കുന്നില്ല. ഞാൻ തെറ്റായിരിക്കാം, എന്നാൽ എല്ലാവർക്കും അങ്ങനെ തോന്നുന്നുണ്ട്' - അദ്ദേഹം പറഞ്ഞു. ഈ വേളയിൽ ഇടപെട്ട അമിത് ഷാ, 'വ്യക്തമായി ഞാൻ പറയാം, ആരും ഭയപ്പെടേണ്ടതില്ല' എന്ന് മറുപടി പറയുകയും ചെയ്തു. പിന്നീട് ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച ഭോപ്പാൽ എം.പി പ്രജ്ഞ ഠാക്കൂറിനെ കുറിച്ചും ബജാജ് സംസാരിച്ചു. ഗാന്ധിയെ കൊന്ന ഗോഡ്സെ തീവ്രവാദിയാണ് എന്നതിൽ സംശയമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ബി.ജെ.പി പ്രഞ്ജയുടെ വാക്കുകളെ അപലപിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അമിത് ഷാ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി.

നേരത്തെ, സാമ്പത്തിക മാന്ദ്യത്തിലും കേന്ദ്രസർക്കാറിനെതിരെ ബജാജ് രംഗത്തു വന്നിരുന്നു. നിക്ഷേപവും ആവശ്യവുമില്ലാതെ സാമ്പത്തിക വളർച്ച ആകാശത്തു നിന്നു വരുമോ എന്നായിരുന്നു കമ്പനിയുടെ വാർഷിക ജനറൽ ബോഡിയിൽ ബജാജിന്റെ ചോദ്യം.

Read More >>