കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published On: 2018-05-23 11:30:00.0
കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബംഗളുരു: എച്ച് ഡി കുമാരസ്വാമി കര്‍ണാടകത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രണ്ടുതവണയും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രിയാകുന്നത്.

കെപിസിസി പ്രസിഡന്റ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ യദ്യൂരപ്പ ദൈവനാമത്തിലും കര്‍ഷകരുടെ പേരിലുമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ കുമാരസ്വാമി കന്നടജനതയുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് ഇന്നു സത്യപ്രതിജ്ഞ ചെയ്തത്. വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിമാരെ നിശ്ചയിച്ച ശേഷമാണ് മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ. കോണ്‍ഗ്രസിനുള്ളില്‍ സീറ്റ് വിഭജനം അത്രയധികം എളുപ്പമല്ലെന്നാണ് സൂചന. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇരുപാര്‍ട്ടികളും സംയുക്തസമിതി രൂപികരിച്ച് കാര്യപരിപാടി ഉണ്ടാക്കും.

ബിജെപി വിരുദ്ധ ചേരിയായി തെക്കേ ഇന്ത്യ മാറും എന്ന ധ്വനിയാണ് സത്യപ്രതിജ്ഞ സദസിലുണ്ടായിരുന്നത്. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആര്‍െജഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബീഹാര്‍ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, അന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായഡു, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മാത്യു ടി തോമസ്, കെസി വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിജെപി മുഖ്യമന്ത്രിയായ ബിഎസ് യെദ്യൂരപ്പ വിശ്വാസ വോട്ടിനെ നേരിടാനാകാതെ രാജി വെച്ച പശ്ചാത്തലത്തിലാണ് 58 കാരനായ കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നത്. 114 സീറ്റുകളുള്ള ബിജെപിക്ക് കേവല ഭൂരിപക്ഷമായ 112 ല്‍ എത്താന്‍ സാധിച്ചില്ല. 78 സീറ്റുകളുള്ള കോണ്‍ഗ്രസും 37 സീറ്റുകളുള്ള ജെഡിഎസും രണ്ടു സ്വതന്ത്രരരും ചേര്‍ന്ന സഖ്യമാണ് കര്‍ണാടക ഭരിക്കുന്നത്.

Top Stories
Share it
Top