ജീപ്പിന് മുകളില്‍ യുവാവിനെ കെട്ടിയിട്ട മേജര്‍ പോലീസ് കസ്റ്റഡിയില്‍

Published On: 2018-05-23 16:00:00.0
ജീപ്പിന് മുകളില്‍ യുവാവിനെ കെട്ടിയിട്ട മേജര്‍ പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മനുഷ്യകവചമായി കശ്മീരി യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ട് യാത്രനടത്തിയ മേജര്‍ ലിതുല്‍ ഗൊഗോയിയെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം കശ്മീരിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍ നിന്നാണ് മേജറിനെ അറസ്റ്റ് ചെയ്തത്.

സംശയാസ്പദമായി മേജറിനെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടൊപ്പം കണ്ടതിനെ തുടര്‍ന്ന് ഹോട്ടലധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സൈനികന്റെ മൊഴിയെടുത്ത ശേഷം അദ്ദേഹത്തിന്റെ യൂണിറ്റിന് കൈമാറിയതായി പോലീസ് അറിയിച്ചു. സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ശ്രീനഗര്‍ പോലീസ് സുപ്രണ്ടിനാണ് അന്വേഷണ ചുമതല.

ലിതുല്‍ ഗൊഗോയിയുടെ പേരില്‍ ഓണ്‍ലൈനായാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നുത്. ഹോട്ടലില്‍ ഡ്രൈവറോടൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി എത്തിയത്. സംശയം തോന്നിയപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ ഹോട്ടല്‍ അധികൃതരുമായി വാക്കേറ്റമുണ്ടാക്കി. തുടര്‍ന്നാണ് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചത്.

കശ്മീര്‍ തെരഞ്ഞെടുപ്പ് സമയത്ത് യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടി മനുഷ്യകവചമായി സൈന്യം ഉപയോഗിച്ചത് വിവാദമായിരുന്നു. ഇന്ത്യന്‍ ആര്‍മി കേസ് അന്വേഷിക്കുകയും മേജറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. 12 പേരുടെ ജീവന്‍ രക്ഷിക്കാനാണ് മേജര്‍ ഇത് ചെയ്തതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതെ തുടര്‍ന്ന് മേജറിന് 53 രാഷ്ട്രീയ റൈഫിള്‍സില്‍ തന്നെ ജമ്മു കശ്മീരില്‍ ജോലി ചെയ്യാന്‍ സൈന്യം അനുവദിച്ചു.

Top Stories
Share it
Top