പിതാവിന്റെ പിന്‍സീറ്റ് ഡ്രൈവിങ് ആയിരിക്കില്ല തന്റെ ഭരണമെന്ന് കുമാരസ്വാമി

Published On: 2018-05-24 10:45:00.0
പിതാവിന്റെ പിന്‍സീറ്റ് ഡ്രൈവിങ് ആയിരിക്കില്ല തന്റെ ഭരണമെന്ന് കുമാരസ്വാമി

ബെംഗളുരു: തന്റെ ഭരണത്തില്‍ ചെറിയ അളവില്‍ പോലും പിതാവിന്റെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ഹര്‍ദനഹള്ളി ദേവഗൗഡ കുമാരസ്വാമി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കുമാരസ്വാമി നിലപാട് പ്രഖ്യാപിച്ചത്.

തന്റെ പിതാവ് അനുഭവ സമ്പത്തുള്ള മുതിര്‍ന്ന രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തുകള്‍ ഉപയോഗിക്കപ്പെടേണ്ടതാണ്. പക്ഷെ ഈ ഭരണത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം ചെറിയ അളവില്‍ പോലും ഉണ്ടാവില്ലെന്ന് താന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. താനാണ് മുഖ്യമന്ത്രി തന്റെ നയങ്ങളാണ് ഭരണത്തില്‍ പ്രതിഫലിക്കുന്നത്. ചീഫ് സെക്രട്ടറിയും പൊലീസ് ചീഫുമായി തന്റെ പിതാവ് കൂടിക്കാഴ്ച നടത്തിയത് കാര്യമാക്കേണ്ടതില്ല. പിതാവിന്റെ ഇടപെടല്‍ ഭരണത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പു തരുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.

സിദ്ധാരാമയ്യ സര്‍ക്കാര്‍ നടത്തിയ ക്ഷേമപദ്ധതികള്‍ ഉപേക്ഷിക്കില്ല, മറിച്ച് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കും. കാര്‍ഷിക രംഗത്തിനാണ് തന്റെ ഭരണം മുന്‍ഗണന നല്‍കുന്നത്. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കര്‍ഷകരെ സജ്ജമാക്കണം. ബെംഗളുരു നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് ലിസ്റ്റിലുളള രണ്ടാമത്തെ കാര്യം. നഗരത്തിലെ തൊഴിലവസരങ്ങള്‍, സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

കേന്ദ്രസര്‍ക്കാരുമായി ഒരു യുദ്ധത്തിനൊന്നും തങ്ങളില്ല. കര്‍ണാടക സംസ്ഥാനത്തിനുള്ള ശേഷിയെക്കുറിച്ച് ഞങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തും. രാജ്യത്തെ രണ്ടാമത്തെ വരുമാനമുള്ള സംസ്ഥാനമാണ് കര്‍ണാടക. സംസ്ഥാനത്തിന്റെ സംഭാവനകള്‍ ബിജെപി സര്‍ക്കാരിന് തള്ളിക്കളയാന്‍ സാധിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു.

Top Stories
Share it
Top