കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ ബില്ലുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും : ഐഎംഎ

Published On: 28 July 2018 3:30 PM GMT
കേന്ദ്ര സര്‍ക്കാര്‍ മെഡിക്കല്‍ ബില്ലുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും : ഐഎംഎ

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ മെഡിക്കല്‍ ബില്ലുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സമരത്തോടനുബന്ധിച്ച് ഇന്ന് നടത്തിയ അവലോകന യോഗത്തിലാണ് സമരം ശക്തിപ്പെടുത്താന്‍ ഐഎംഎ തീരുമാനിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടേയും കേന്ദ്ര ആരോഗ്യമന്തിയുടേയും ഭാഗത്തു നിന്നുണ്ടാവുന്ന സമീപനം മൂലം ആരോഗ്യ മേഖല പൂര്‍ണമായി തകരുകയാണെന്ന് ഐഎംഎ ആരോപിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഐഎംഎയുടെ തീരുമാനം.

രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവില്‍ ഒപി മാത്രമേ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചിരുന്നുള്ളു. എന്നാല്‍ തുടര്‍ സമരം കൂടുതല്‍ പ്രക്ഷുബ്ദമാവുമെന്ന് ഐഎംഎ വ്യക്തമാക്കി. നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കുന്നതോടെ ജനാധിപത്യപരമായ പ്രതിനിത്യം ഉണ്ടായിരുന്ന ഭരണ നിര്‍വ്വാഹക സമിതി ഇല്ലാതാവും.

സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ട് രൂപീകരിക്കുന്ന നാഷണല്‍ മെഡിക്കല്‍ ബില്‍ വന്‍ അഴിമതിക്കാവും വഴി വെക്കുക. അതു കൂടാതെ ബ്രിഡ്ജ് കോഴ്‌സുകള്‍ വഴി വ്യാജ വൈദ്യന്‍മാരെ സൃഷ്ടിക്കുവാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള നിരവധി കാരണങ്ങളാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉയര്‍ത്തുന്നത്.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളത്തില്‍ നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയിരുന്നില്ല.

Top Stories
Share it
Top