മെഡിക്കല്‍ കമ്മിഷൻ ബില്ല്: രാജ്യവ്യാപകമായി ഇന്ന് ഒപി ബഹിഷ്കരണം

Published On: 2018-07-28 03:00:00.0
മെഡിക്കല്‍ കമ്മിഷൻ ബില്ല്:  രാജ്യവ്യാപകമായി ഇന്ന് ഒപി ബഹിഷ്കരണം

തിരുവനന്തപുരം: രാജ്യവ്യാപകമായി ഇന്ന് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും. മെഡിക്കല്‍ കമ്മിഷൻ ബില്ലിനെതിരെയാണ് ഐഎംഎയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നത്. സങ്കര വൈദ്യം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകള്‍ക്ക് അധികാരം നൽകുന്നതാണ് മെഡിക്കല്‍ കമ്മിഷൻ ബിൽ എന്നും കമ്മിഷനിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം കുറച്ചു, എന്നീകാരണങ്ങളാലാണ് ഓപി ബഹിഷ്കരണം.

എന്നാല്‍ സമരം അത്യാഹിത വിഭാഗത്തേയും കിടത്തി ചികിൽസ വിഭാഗത്തേയും ബാധിക്കില്ല. കേന്ദ്രം അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ മെഡിക്കല്‍ ബന്ദ് ഉള്‍പ്പെടെ ഐഎംഎ ആലോചിക്കുന്നുണ്ട്. നേരത്തെ രാജ്യവ്യാപക മെഡിക്കല്‍ ബന്ദ് നടത്തിയാണ് ബില്‍ അവതരണം സംഘടന നീട്ടി വയ്പ്പിച്ചത്.

മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങിയ ചികിത്സാരീതികള്‍ പഠിച്ചവര്‍ക്ക് മറ്റൊരു ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപ്പതിയിലും ചികിത്സ നടത്താനുള്ള അനുമതി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഉള്‍നാടുകളിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താനാണ് ഈ നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം നടപടി വ്യാജവൈദ്യത്തിന് കാരണമാകുമെന്നാണ് ഐ.എം.എയുടെ ആരോപണം

Top Stories
Share it
Top