ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

Published On: 2018-05-08 11:00:00.0
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, തുടങ്ങിയവരെ ഒഴിവാക്കിയാണ് ചീഫ് ജസ്റ്റിസ് ഇന്നലെ പുതിയ ഭരണഘടനബെഞ്ച് രൂപീകരിച്ചത്.

പുതിയ ഭരണഘടനബെഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് സുപ്രീംകോടതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി നിഷേധിച്ചതോടെയാണ് കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ അഞ്ചംഗഭരണഘടനബെഞ്ചിന് മുമ്പില്‍ ഹാജരായാണ് കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിക്കുന്നതായി അറിയിച്ചത്. രാജ്യസഭാ എംപിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹര്‍ഷദ്‌റായ് യജ്‌നിക് എന്നിവരാണ് ഉപരാഷ്ട്രപതിയുടെ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.


Top Stories
Share it
Top