ശതകോടീശ്വരന്മാരില്‍ വര്‍ദ്ധന; 2000 ല്‍ രാജ്യത്തുണ്ടായിരുന്നത് 9 ശതകോടീശ്വരന്‍മാര്‍ 2019 ല്‍ ഇത് 119

ഇന്ത്യയിലെ ആരോഗ്യ പരിപാലന ചെലവുകൾ വളരെ കൂടുതലായതിനാൽ ഇതുമൂലം ഒരു സെക്കന്റിൽ രണ്ടുപേർ എന്ന നിലയിൽ വർഷംതോറും 63 ദശലക്ഷം പേർ ദാരിദ്ര്യത്തിലാവുന്നു

ശതകോടീശ്വരന്മാരില്‍ വര്‍ദ്ധന; 2000 ല്‍ രാജ്യത്തുണ്ടായിരുന്നത് 9 ശതകോടീശ്വരന്‍മാര്‍ 2019 ല്‍  ഇത് 119

ന്യൂഡൽഹി: നൂറ്റാണ്ടിന്റെ തുടക്കത്തിൽ വെറും ഒമ്പത് ശതകോടീശ്വരന്മാരാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത് എന്നാൽ ഇന്നത് 119 ആണ്. ഇന്ത്യൻ ജനത മിക്ക പ്രധാന സമ്പദ് വ്യവസ്ഥകളേക്കാളും വേഗത്തിൽ സമ്പന്നരാകുന്നു എന്നത് വ്യക്തമാക്കുന്നതാണ് മൗറീഷ്യസിലെ അഫ്രേഷ്യ ബാങ്കും ദക്ഷിണാഫ്രിക്കയിലെ വിപണി ഗവേഷക കമ്പനിയായ ന്യൂ വേൾഡ് വെൽത്തും ചേർന്ന് തയാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ട്. സമ്പത്ത് ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ഇതിൽ പറയുന്നു. 2000 ത്തിൽ 9 ശതകോടീശ്വരന്മാരാണ് രാജ്യത്ത് ഉണ്ടായിരുന്നത് എന്നാൽ ഇന്ന് അത് 119 ആയി ഉയർന്നു. റിപ്പോർട്ട് പ്രകാരം 2008-18 കാലയളവിൽ സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിട്ടുള്ള സ്വത്ത് ഇരട്ടിയായി വർദ്ധിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക അസമത്വത്തെ കുറിച്ച് മുമ്പ് ഓക്‌സ്ഫാം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യ വരുമാനത്തിലെ അസമത്വത്തിന്റെ കാര്യത്തിലും ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്.കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മൊത്തം ദേശീയ സമ്പത്തിന്റെ 77 ശതമാനവും ഇന്ത്യൻ ജനസംഖ്യയുടെ 10 ശതമാനത്തിന്റെ കൈകളിലാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2017ൽ സൃഷ്ടിച്ച സമ്പത്തിന്റെ 77 ശതമാനവും സമ്പന്നരായ ഒരു ശതമാനം വ്യക്തികളുടെ കൈകളിലായിരുന്നു. ഇക്കാലയളവില്‍ ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം വരുന്ന 67 ദശലക്ഷം ദരിദ്രരുടെ സമ്പത്തിൽ ഒരു ശതമാനം വളർച്ച മാത്രമാണ് ഉണ്ടായത്.

ഇന്ത്യയിലെ ആരോഗ്യ പരിപാലന ചെലവുകൾ വളരെ കൂടുതലായതിനാൽ ഇതുമൂലം ഒരു സെക്കന്റിൽ രണ്ടുപേർ എന്ന നിലയിൽ വർഷംതോറും 63 ദശലക്ഷം പേർ ദാരിദ്ര്യത്തിലാവുന്നു. പാരമ്പര്യമായി സ്വത്ത് കൈവശമുള്ളവർ അതിവേഗത്തിൽ ധനികരാവുമ്പോൾ സാധാരണക്കാർ ചികിത്സയ്ക്കായി കഷ്ടപ്പെടുന്നുവെന്നും ഓക്‌സ്ഫാം റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ സമ്പന്നൻമാരുടെ സംയുക്ത സ്വകാര്യ സ്വത്ത് ഓസ്ട്രേലിയ, ജർമനി, യുകെ എന്നീ രാജ്യങ്ങളിലെ വ്യക്തികളുടെ പക്കലുള്ള സമ്പത്തിനേക്കാൾ ഇരട്ടിയാണെന്നും ലോകത്തിൽ അതിവേഗം സമ്പത്ത് സ്വരുക്കൂട്ടുന്ന രാജ്യമായ ചൈനയെ ഇന്ത്യ മറികടക്കാൻ സാദ്ധ്യതയുണ്ടെന്നും ലോക സാമ്പത്തിക ഫോറം കണക്കാക്കുന്നു.

Read More >>