ജസ്റ്റിസ് ലോയ കേസ്: സുപ്രീം കോടതിവിധിയില്‍ നിരാശ പ്രകടിപ്പിച്ച് കോണ്‍ഗ്രസ്; വിധി കൂടുതല്‍ വലിയ ബഞ്ച് റിവ്യൂ ചെയ്യണമെന്ന് യച്ചൂരി

Published On: 2018-04-19 14:30:00.0
ജസ്റ്റിസ് ലോയ കേസ്: സുപ്രീം കോടതിവിധിയില്‍ നിരാശ പ്രകടിപ്പിച്ച് കോണ്‍ഗ്രസ്; വിധി കൂടുതല്‍ വലിയ ബഞ്ച് റിവ്യൂ ചെയ്യണമെന്ന് യച്ചൂരി

ന്യുഡല്‍ഹി: സിബിഐ ജഡ്ജ് ബ്രിജ്‌മോഹന്‍ ഹരികൃഷ്ണന്‍ ലോയയുടെ മരണത്തിലെ ദൂരൂഹത നീക്കുന്നതിന് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാവിശ്യപ്പെട്ട് നല്‍കിയ ഹരജി തളളിയ സൂപ്രീം കോടതി വിധി നിരാശാകരമെന്നും നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കുന്നതായും കോണ്‍ഗ്രസ്. ഹരജി തളളിയ ദിവസം ഇന്ത്യാചരിത്രത്തിലെ തന്നെ ഏറ്റവും നിരാശ നിറഞ്ഞ ദിവസമാണെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്‌ രണ്‍ദീപ് സിങ് സുര്‍ജ്ജേവാല ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

''ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ ദിവസമാണ് ഇന്ന്്. സുപ്രീം കോടതിയുടെ ഈ വിധി ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ബാക്കിയാക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ധാരാളം വൈരുദ്ധ്യങ്ങളുണ്ട്.'' സുര്‍ജ്ജേവാല പറഞ്ഞു.

ലോയകേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നതാണ് ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആവശ്യമെന്നും അതിനുവേണ്ടി പാര്‍ട്ടി ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

''നിഷ്പക്ഷമായ അന്വേഷണം ലോയകേസില്‍ ഉണ്ടാവേണ്ടതുണ്ട്. യുക്തിഭദ്രമല്ലാത്ത കാര്യങ്ങളാണ് കാണുന്നത്. അത് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും സുപ്രീം കോടതി നേരിട്ട് ദൂരുഹത നീക്കണമെന്നും'' കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി മനു വ്യക്തമാക്കി.

ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികമാണെന്നും ഈ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജി നീതി നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുന്നതിനും നിന്ദിക്കുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സുപ്രീം കോടതി തളളിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹരജി തളളിയത്.

വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊഹ്‌റാബുദ്ധീന്‍ ഷൈഖ് കേസിന്റെ വാദം കേള്‍ക്കുന്ന സിബിഐ കോടതി ജഡജിയായിരുന്നു ലോയ. 2014 ഡിസംബര്‍ ഒന്നിന് സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വാദം. എന്നാല്‍, ലോയയുടെ മരണം സംബന്ധിച്ച് ദൂരുഹതകളുണ്ടെന്ന് ദി കാരവാന്‍ അടക്കമുളള മാധ്യമങ്ങള്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദമായത്.

വിധിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറിയും രംഗത്തെത്തി. വിധി കൂടുതല്‍ വലിയ ബഞ്ച് റിവ്യൂം ചെയ്യണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പ്രസ്താവനയില്‍ അറിയിച്ചു.

Top Stories
Share it
Top