രാഷ്ട്രീയ പാര്‍ട്ടിയുമായി ജസ്റ്റിസ് കര്‍ണന്‍; 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും

Published On: 17 May 2018 4:30 AM GMT
രാഷ്ട്രീയ പാര്‍ട്ടിയുമായി ജസ്റ്റിസ് കര്‍ണന്‍; 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും

കൊല്‍ക്കത്ത: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്‍ രാഷ്ട്രീയത്തിലേക്ക്. 'ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി കര്‍ണന്‍ പ്രഖ്യാപിച്ചു. സ്ത്രീകളെ മാത്രം സ്ഥാനാര്‍ഥികളാക്കി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 543 മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുമെന്നും കര്‍ണന്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നും തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി നീതിന്യായ വ്യവസ്ഥയുമായി സഹകരിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും കര്‍ണന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ രജിസ്‌ട്രേഷനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ വര്‍ഷം തോറും പുതിയ പ്രധാനമന്ത്രിമാരാകും രാജ്യം ഭരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സഹപ്രവര്‍ത്തകര്‍ക്ക് നേരെ അഴിമതിയാരോപണം ഉന്നയിച്ച് കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ആറുമാസത്തെ തടവിന് കര്‍ണനെ ശിക്ഷിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ പരസ്യ പ്രസ്താവനയാണിത്.


Top Stories
Share it
Top