തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണം: കമല്‍ഹാസന്‍

തൂത്തുക്കുടി: തൂത്തുക്കുടിയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടണമെന്ന് നടനും മക്കള്‍ നീതി മയം നേതാവുമായ കമല്‍ഹാസന്‍....

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണം: കമല്‍ഹാസന്‍

തൂത്തുക്കുടി: തൂത്തുക്കുടിയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടണമെന്ന് നടനും മക്കള്‍ നീതി മയം നേതാവുമായ കമല്‍ഹാസന്‍. 'ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല. ഈ വ്യവസായ പ്ലാന്റ് അടച്ചു പൂട്ടണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്'- കമല്‍ഹാസന്‍ പറഞ്ഞു.

തൂത്തുക്കുടി ജനറല്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാവിലെ എംഡിഎംകെ നേതാവ് വൈകോ പരിക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. പതിനൊന്ന് പേരുടെ മരണത്തിനടയാക്കിയ വെടിവെയ്പ്പിന് ശേഷം തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ന് നടന്ന വെടിവെപ്പില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. 24 വയസ്സുള്ള കാളിയപ്പനാണ് മരിച്ചത്. തൂത്തുക്കുടി ജനറല്‍ ആശുപത്രിക്ക് സമീപം അണ്ണാ നഗറില്‍ അല്‍പം മുമ്പാണ് വെടിവെപ്പ് ഉണ്ടായത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ബന്ധുക്കളും പൊലീസുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വെടിവെ്പ്പുണ്ടായത്. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം കത്തിച്ചു.

ഇതോടെ മരണ നിരക്ക് 12 ഉം പരിക്കേറ്റവരുടെ എണ്ണം 65 ല്‍ അധികവുമായി. ഇതില്‍ 42 പേരെ തൂത്തുക്കുടി ജനറല്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. 10 പേരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെടവെപ്പുമായി ബന്ധപ്പെട്ട് 17 ശസ്ത്രക്രിയകള്‍ നടത്തിയതായി തമിഴ്‌നാട് മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. എ എഡ്വിന്‍ ജോ പറഞ്ഞു.

അതേ സമയം തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിപുലീകരണം ഹൈക്കോടതി സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെതാണ് വിധി. പ്രദേശവാസിയായ ആര്‍ ഫാത്തിമ നല്‍കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എം സുന്ദര്‍, അനിതാ സുമന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

Story by
Read More >>