ആ അംഗീകാരത്തെ ഏതെങ്കിലും ഷായോ സുൽത്താനോ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ല; ഹിന്ദി വിഷയത്തില്‍ അമിത് ഷായ്ക്ക് മറുപടിയുമായി കമല്‍ഹാസന്‍

ജല്ലിക്കെട്ട് ഒരു ചെറിയ പ്രതിഷേധമായിരുന്നു, നമ്മുടെ ഭാഷയ്ക്കു വേണ്ടിയുള്ളത് അതിനേക്കാൾ വലിയ പ്രതിഷേധമായിരിക്കും.

ആ അംഗീകാരത്തെ ഏതെങ്കിലും ഷായോ സുൽത്താനോ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ല; ഹിന്ദി വിഷയത്തില്‍  അമിത് ഷായ്ക്ക് മറുപടിയുമായി കമല്‍ഹാസന്‍

ചെന്നൈ: രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകണമെന്നും ഹിന്ദിക്ക് അതിനുള്ള ശേഷിയുണ്ടെന്നുമുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ പ്രതികരണവുമായി തമിഴ് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ.

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ ജല്ലിക്കെട്ട് പ്രക്ഷേഭത്തേക്കാൾ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്നും കമൽഹാസൻ പറഞ്ഞു. വീഡിയോ സന്ദേശം വഴി ട്വിറ്ററിലാണ് അദ്ദേഹം പ്രതികര​ണവുമായി എത്തിയത്.

ഒരുപാട് രാജ്യാധികാരങ്ങളും രാജാക്കമാരും കയ്യൊഴിഞ്ഞാണ് ഇന്ത്യയെന്ന രാജ്യം പിറന്നത്. പക്ഷെ ഒരു കാര്യമുണ്ട്, വ്യത്യസ്ത പ്രദേശങ്ങളിലെ മനുഷ്യർ അവരുടെ ഭാഷയും സംസ്‌കാരവും വിട്ടൊഴിയാൻ വിസമ്മതിച്ചു. 1950ൽ ഇന്ത്യ ഒരു റിപ്പബ്ലിക്കാവുമ്പോൾ, സർക്കാർ ആ തീരുമാനത്തെ അംഗീകരിച്ചു. ഇപ്പോൾ ആ അംഗീകാരത്തെ ഏതെങ്കിലും ഷായോ സുൽത്താനോ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ല.

ജല്ലിക്കെട്ട് ഒരു ചെറിയ പ്രതിഷേധമായിരുന്നു, നമ്മുടെ ഭാഷയ്ക്കു വേണ്ടിയുള്ളത് അതിനേക്കാൾ വലിയ പ്രതിഷേധമായിരിക്കും.ഇന്ത്യക്കോ തമിഴ്‌നാടിനോ അങ്ങനെയൊരു യുദ്ധം ആവശ്യമില്ല, അർഹിക്കുന്നുമില്ല കമൽ പറഞ്ഞു. ഇന്ത്യയിലെ ഭൂരിഭാഗം ജനതയും തങ്ങളുടെ ദേശിയ ഗാനം ബംഗാളിയിൽ അഭിമാനത്തോടെ ആലപിക്കുന്നു, അത് തുടരുകയും ചെയ്യും. കാരണം ദേശീയഗാനം എഴുതിയ കവി അതിൽ എല്ലാ ഭാഷകളേയും സംസ്‌കാരത്തേയും അംഗീകരിക്കുന്നു. അതിനാൽ അത് നമ്മുടെ ദേശീയ ഗാനമായിമാറി കമൽ ഹാസൻ പറയുന്നു.

ഹിന്ദി രാജ്യവ്യാപകമാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയില്ലെങ്കിൽ ഹിന്ദി ആധിപത്യത്തിലൂടെ അവകാശങ്ങൾ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളെ ഒന്നിപ്പിച്ച് ജനാധിപത്യപരമായ വഴിയിൽ പ്രതിഷേധിക്കുമെന്ന് ഡി.എം.കെ നേതാവ് സ്റ്റാലിൻ പറഞ്ഞിരുന്നു.

വൈവിധ്യങ്ങളെ തകർക്കാനാണ് ഷായുടെ ശ്രമം എന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതകരിച്ചിരുന്നു. മാതൃഭാഷയാണ് വലുത് എന്നായിരുന്നു തൃണമൂൽ അദ്ധ്യക്ഷ മമതാ ബാനർജിയുടെ പ്രതികരണം.

രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും 'ഹിന്ദി അജണ്ട' യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് പിണറായി വിജയൻ ആരാപിച്ചു. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാർ മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചിരുന്നു.

Read More >>