'ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റര്‍ അമിത്ഷാ; നിങ്ങളുടെ വക്രബുദ്ധിയേക്കാള്‍ മുകളിലാണ് രാജ്യം': രൂക്ഷ വിമര്‍ശനവുമായി കണ്ണന്‍ ഗോപിനാഥന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യാന്‍ മുംബൈ മറൈന്‍ ഡ്രൈവിലേക്കെത്തിയ കണ്ണൻ ​ഗോപിനാഥനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കണ്ണന്‍റെ ട്വീറ്റ്.

മുംബൈ: പൗരത്വ ബില്ലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥൻ. പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പൊലീസ് അറസ്റ്റിലാവുകയും വിട്ടയക്കുകയും ചെയ്തതിനു ശേഷമായിരുന്നു കണ്ണന്‍റെ പ്രതികരണം

"ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റര്‍ അമിത്ഷാ, ഈ രാജ്യം നിങ്ങളുടെ മാനസിക നിലവാരത്തെക്കാളും രണ്ടാംകിട വക്ര ബുദ്ധിയ്‌ക്കൊളും മുകളിലാണെന്ന് മനസിലാക്കിക്കൊള്ളൂ, ഇത് പോരാടേണ്ട പോരാട്ടമാണ് ജയിക്കാനുള്ള പോരാട്ടമാണ്" -കണ്ണൻ തന്റെ ട്വിറ്ററിൽ കുറിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യാന്‍ മുംബൈ മറൈന്‍ ഡ്രൈവിലേക്കെത്തിയ കണ്ണൻ ​ഗോപിനാഥനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കണ്ണന്‍റെ ട്വീറ്റ്.

മുംബൈയില്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ കണ്ണന്‍ ഗോപിനാഥനെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്‍പേ തന്നെ പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തതായി കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടന വായിക്കാന്‍ പോലും തങ്ങളെ പൊലീസ് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകള‍ഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന് സിവിൽ സർവീസിൽ നിന്നും രാജി വെച്ച ഉദ്യോ​ഗസ്ഥനാണ് കണ്ണൻ ​ഗോപിനാഥൻ.

Read More >>