കര്‍ണാടക നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ 

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരുടെ എണ്ണം കഴിഞ്ഞ 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 224 അംഗ നിയമസഭയില്‍ ഏഴ് പേര്‍...

കര്‍ണാടക നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ 

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരുടെ എണ്ണം കഴിഞ്ഞ 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 224 അംഗ നിയമസഭയില്‍ ഏഴ് പേര്‍ മാത്രമാണ് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളത്. സംസ്ഥാന ജനസംഖ്യയുടെ 13 ശതമാനം മാത്രമാണിത്. കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഇവര്‍ ഏഴ് പേരും വിജയിച്ചത്. കനീസ് ഫാത്തിമ, സമീര്‍ അഹമ്മദ് ഖാന്‍, തന്‍വീര്‍ സെയ്ദ്, യു ടി അബ്ദുള്‍ ഖാദര്‍, എന്‍ എ ഹാരിസ്, ആര്‍ റോഷന്‍ ബെയ്ഗ്, റഹീം ഖാന്‍ എന്നിവരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച മുസ്‌ലിം സമുദായത്തിലുള്ളവര്‍.


2008ലെ നിയമസഭയില്‍ ഒമ്പത് മുസ്‌ലിം അംഗങ്ങളുണ്ടായിരുന്നു. 2013 ഇത് 11 ആയി വര്‍ദ്ധിച്ചു. ഇതില്‍ ഒമ്പത് പേര്‍ കോണ്‍ഗ്രസില്‍ നിന്നും രണ്ട് പേര്‍ ജനതാദള്‍ സെക്കുലറില്‍ നിന്നുമുള്ളവരായിരുന്നു. 1978ലെ കര്‍ണാടക നിയമസഭയിലാണ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുസ്‌ലിം സമാജികരുണ്ടായിരുന്നത്. 16 പേരാണ് അന്ന് മുസ്‌ലിം സമുദായത്തില്‍ നിന്ന് നിയമസഭയിലെത്തിയ എം.എല്‍.എമാര്‍. രാമകൃഷ്ണ ഹെഗ്‌ഡെ മുഖ്യമന്ത്രിയായിരുന്ന 1983ലെ നിയമസഭയിലാണ് ഏറ്റവും കുറവ് മുസ്‌ലിം പ്രതിനിധികള്‍ പങ്കെടുത്തത്. വെറും രണ്ടുപേര്‍ മാത്രമാണ് അന്ന് മുസ്ലിം സമുദായത്തെ പ്രതിനിധീകരിച്ച് കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് 17 പേരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ജനതാദളാകട്ടെ എട്ടുപേരെയും. അസാദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലീമന്‍ ഈ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തീവ്ര ഇസ്‌ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ മൂന്ന് സീറ്റില്‍ മത്സരിച്ചിരുന്നു. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചിരുന്നില്ല.

Story by
Read More >>