എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി നേതാവ് ജനാർദൻ റെഡ്ഡി പണം വാഗ്ദാനം ചെയതു; തെളിവ് പുറത്തുവിട്ട് കോൺ​ഗ്രസ്

Published On: 2018-05-18 15:00:00.0
എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി നേതാവ് ജനാർദൻ റെഡ്ഡി പണം വാഗ്ദാനം ചെയതു; തെളിവ് പുറത്തുവിട്ട് കോൺ​ഗ്രസ്

ബെംഗളൂരു: വിശ്വാസ വോ​ട്ടെടുപ്പിന്​ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തങ്ങളുടെ എംഎൽഎമാരെ പണം നൽകി വശത്താക്കാൻ ബിജെപി നേതാക്കൾ ശ്രമിച്ചെന്ന് കോൺഗ്രസ്. ബിജെപി നേതാവ് ജനാർദൻ റെഡ്ഡി റായ്ചൂർ റൂറലി‍ൽ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇതു തെളിയിക്കുന്ന ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് ബസവന ഗൗഡയ്ക്ക് റെഡ്ഡിയുടെ വാഗ്ദാനം. അമിത് ഷായുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നൽകുന്നുണ്ട്.

അതേസമയം സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. നാളെ നാലുമണിക്കു മുൻപുതന്നെ വോട്ടെടുപ്പു നടത്തണമെന്നാണു നിർദേശം. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി.

സർക്കാരുണ്ടാക്കാൻ തങ്ങൾക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ്- ജെഡിഎസ് സഖ്യം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിനു മുന്നോടിയായി പ്രോടേം സ്പീക്കറെയും ഗവർണർ നിയമിച്ചു. വിരാജ് പേട്ട എംഎൽഎയായ ബിജെപി നേതാവ് കെ.ജി.ബൊപ്പയ്യയെയാണു നിയമിച്ചത്. മുതിർന്നയാളെ പ്രൊടേം സ്പീക്കറാക്കണമെന്ന കീഴ്‌വഴക്കം തെറ്റിച്ചാണ് നിയമനം.

Top Stories
Share it
Top