കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ പ്രതിപക്ഷ കക്ഷികളുടെ ഐക്യവേദിയാകും, ചന്ദ്രശേഖര്‍ റാവു വിട്ടുനില്‍ക്കും

ബംഗളൂരു: നാടകീയതകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന കുമരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ കക്ഷികളുടെ ഒന്നിക്കലിനും വേദിയാകുന്നു. വിവിധ...

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ പ്രതിപക്ഷ കക്ഷികളുടെ ഐക്യവേദിയാകും, ചന്ദ്രശേഖര്‍ റാവു വിട്ടുനില്‍ക്കും

ബംഗളൂരു: നാടകീയതകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന കുമരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ കക്ഷികളുടെ ഒന്നിക്കലിനും വേദിയാകുന്നു. വിവിധ പാര്‍ട്ടി നേതാക്കളും സംസ്ഥാന മുഖ്യമന്ത്രിമാരുമടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുക.കര്‍ണാടകയില്‍ സഖ്യ കക്ഷിയായ കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും കുമാരസ്വാമി ഇന്നലെ നേരിട്ടെത്തി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചു. രഹുല്‍ ചടങ്ങിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സോണിയയുടെ സാന്നിദ്ധ്യമാണ് ഉറപ്പാകാനുള്ളത്.

പ്രതിപക്ഷ കക്ഷികളുടെ ഐക്യം

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.എസ്.പി അദ്ധ്യക്ഷ മയാവതി, സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ലോക്ദള്‍ നേതാവ് അജിത് സിംഗ് എന്നിവരും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്നിവരും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും. തൂത്തുകുടിയില്‍ സ്റ്റാര്‍ലെറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെയ്പ്പിനെ തുടര്‍ന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തില്ല.

ചന്ദ്രശേഖര്‍ റാവുവിന്റെ അഭാവം

അതേസമയം തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ചടങ്ങിനെത്തില്ല. തെലുങ്കാനയിലെ മുഖ്യഎതിരാളിയായ കോണ്‍ഗ്രസുമായി വേദി പങ്കിടുന്നതിനാലാണ് ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് സൂചന. അതേസമയം അദ്ദേഹം രാത്രി കുമാരസ്വാമിയെ സന്ദര്‍ശിച്ചു. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പി ഇതര കക്ഷികളെ ഒന്നിപ്പിച്ച് മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ക്ക് മുന്നിലാണ് ഇദ്ദേഹം. കര്‍ണാടകയിലെ കുതിര കച്ചവടത്തില്‍ ജെ.ഡി.എസിന്റെ എം.എല്‍.എമാര്‍ക്ക് ഹൈദരാബാദില്‍ തെലുങ്കാന സര്‍ക്കാര്‍ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു.

കര്‍ണാടകയില്‍ ജനതാദളിന്റെ സഖ്യ കക്ഷിയായിരുന്ന ബി.എസ്.പിയുടെ ഏക എം.എല്‍.എ എന്‍.മഹേഷിന് മന്ത്രിസ്ഥാനത്തിനും സാദ്ധ്യതയുണ്ട്. കര്‍ണാടകയില്‍ 29 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി മത്സരിച്ചിരുന്നു.

അതേസമയം കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുന്ന നാളെ ബി.ജെ.പി പ്രതിഷേധ ദിനമായി ആചരിക്കും.

Story by
Read More >>