സീറ്റില്ല, കര്‍ണാടകയില്‍ ഓഫീസ് അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Published On: 16 April 2018 3:45 PM GMT
സീറ്റില്ല, കര്‍ണാടകയില്‍ ഓഫീസ് അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കോണ്‍ഗ്രസ്സിലെ അസ്വാരസ്യങ്ങള്‍ പുറത്ത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അസ്വസ്ഥരായ പ്രവര്‍ത്തകര്‍ മാണ്ഡ്യയില്‍ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തു.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തു വിട്ട വീഡിയോയില്‍ പ്രവര്‍ത്തകര്‍ ഓഫീസിലെ ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ക്കുകയും പോസ്റ്ററുകള്‍ വലിച്ചെറിയുകയും ചെയ്യുന്നുണ്ട്. വീഡിയോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ മിക്ക പ്രാദേശിക നേതാക്കള്‍ക്കും നിരാശയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് 218 മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പട്ടിക പ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡിയിലും ആഭ്യന്തര മന്ത്രി ആര്‍. രാമലിംഗ റെഡ്ഢി ബി.ടി.എം ലെഔട്ടില്‍ നിന്നും മത്സരിക്കും. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര വരുണാ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.

കര്‍ണാടകയിലെ 225 നിയമസഭാ മണ്ഡലങ്ങളിലേക്ക് മെയ് 12 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15 ന് വോട്ടെണ്ണല്‍ നടക്കും.

Top Stories
Share it
Top