പാകിസ്താനില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ് കര്‍ണാടകത്തില്‍ സംഭവിക്കുന്നത്: രാഹുല്‍ ​ഗാന്ധി

Published On: 2018-05-17 11:00:00.0
പാകിസ്താനില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ് കര്‍ണാടകത്തില്‍ സംഭവിക്കുന്നത്: രാഹുല്‍ ​ഗാന്ധി

ന്യൂഡല്‍ഹി: കർണാടകയിൽ ബിജെപി നടത്തിയ കുതിരക്കച്ചവടത്തേയും അധികാര പിടിച്ചെടുക്കലിനേയും വിമർശിച്ച് രാഹുൽ ​ഗാന്ധി. കര്‍ണാടകത്തില്‍ നടന്നതുപോലുള്ള സംഭവങ്ങള്‍ പാകിസ്താനില്‍ മാത്രമേ നടക്കൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറിക്കൊണ്ട് ഇന്ത്യയുടെ ശബ്ദം അമര്‍ച്ചചെയ്യുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.

117 എംഎല്‍എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ തള്ളി യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ സൂചിപ്പിച്ചുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പാകിസ്താനില്‍ മാത്രമേ സംഭവിക്കൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ബിജെപിയുടെ യുക്തിരഹിതമായ നിര്‍ബന്ധബുദ്ധി ഭരണഘടനയ്ക്കു നേര്‍ക്കുള്ള കൊഞ്ഞനംകുത്തലാണ്. ഇന്ന് ബിജെപി അവരുടെ പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍, ജനാധിപത്യത്തിന്റെ പരാജയമോര്‍ത്ത് ഇന്ത്യ വിലപിക്കുകയായിരിക്കും- രാഹുൽ ട്വിറ്ററില്‍ കുറിച്ചു.

ഛത്തീസ്ഗഡില്‍ നടന്ന ഒരു ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴും രാഹുല്‍ ഗാന്ധി ബിജെപിയെ വിമര്‍ശിച്ചു. ഒരുഭാഗത്ത് എംഎല്‍എമാരും മറുഭാഗത്ത് ഗവര്‍ണറും എന്നതാണ് കര്‍ണാടകത്തിലെ ഇപ്പോഴത്തെ സ്ഥിതി. രാജ്യത്ത് ഭരണഘടന കടുത്ത അപകടസ്ഥിതി നേരിടുകയാണ്. എല്ലാവിധ സ്ഥാപനങ്ങളിലും ആര്‍എസ്എസ് അവരുടെ ആള്‍ക്കാരെക്കൊണ്ട് നിറയ്ക്കുകയാണ്. അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കാന്‍ ഇത് ഇടവരുത്തും- രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 117 എംഎല്‍എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ തള്ളി യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top Stories
Share it
Top