കര്‍ണാടകയില്‍ ബിജെപിക്ക് അടുത്ത അടി; സിദ്ധാരാമയ്യ സര്‍ക്കാരിന് 10ല്‍ 7 മാര്‍ക്ക് നല്‍കി സര്‍വ്വേ ഫലം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സിദ്ധാരാമയ്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന സര്‍വ്വേ ഫലത്തിനു ശേഷം ബിജെപിയെ വീണ്ടും...

കര്‍ണാടകയില്‍ ബിജെപിക്ക് അടുത്ത അടി; സിദ്ധാരാമയ്യ സര്‍ക്കാരിന് 10ല്‍ 7 മാര്‍ക്ക് നല്‍കി സര്‍വ്വേ ഫലം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സിദ്ധാരാമയ്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന സര്‍വ്വേ ഫലത്തിനു ശേഷം ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് പുറത്തുവന്ന പുതിയ സര്‍വ്വേ ഫലം. നിലവില്‍ ഭരിച്ചു കൊണ്ടിരിക്കുന്ന സിദ്ധാരാമയ്യ സര്‍ക്കാരിന് പ്രകടനത്തിന്റെ മികവിന് 10ല്‍ 7 മാര്‍ക്ക് നല്‍കി വന്ന സര്‍വ്വേ ഫലമാണ് ബിജെപിയെ വെട്ടിലാക്കിയത്.

വിദ്യാഭ്യാസ രംഗത്തെ മികവ്, വൈദ്യുതി, ജലസേചനം എന്നീ മേഖലകളിലെ ഇടപെടലിന്റെ മികവിലാണ് സിദ്ധാരാമയ്യ സര്‍ക്കാര്‍ മികച്ച മാര്‍ക്ക് നേടിയിരിക്കുന്നത്. അതേ സമയം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അഴിമതി തടയുന്നതിലും മറ്റു രംഗങ്ങളിലെ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്നും സര്‍വ്വേ റിപ്പോര്‍ട്ടിലുണ്ട്. അസ്സോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും ദക്ഷ് എന്ന നവസാമൂഹിക പ്രസ്ഥാനവും ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്. 225 നിയോജകമണ്ഡലങ്ങളിലായി 13,244 വ്യക്തികളോടായി നടത്തിയ സര്‍വ്വേയിലാണ് ഈ ഫലം.

ഗ്രാമങ്ങളിലെ വോട്ടര്‍മാരാണ് സിദ്ധാരാമയ്യ സര്‍ക്കാരിന് മികച്ച മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് പ്രചരണരംഗത്ത് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം സമ്മാനിച്ചേക്കും. വിദ്യാഭ്യാസ രംഗത്തെ മികവ്( 7.58), വൈദ്യുതി(7.35), ഭക്ഷ്യവിതരണം(7.35) എന്നിങ്ങനെ മികച്ച മാര്‍ക്ക് ഗ്രാമീണമേഖല നല്‍കിയിട്ടുണ്ട്. അതേ സമയം തൊഴിലവസരങ്ങള്‍, അഴിമതി നിര്‍മ്മാജ്ജനം എന്നീ മേഖലകളില്‍ മറ്റു മേഖലകളെക്കാള്‍ കുറച്ചു മാര്‍ക്ക് സര്‍ക്കാരിന് കുറഞ്ഞിട്ടുണ്ട്. 6.70 മാര്‍ക്കാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ലഭിച്ചിട്ടുള്ളതെങ്കില്‍ അഴിമതി നിര്‍മ്മാജ്ജന മേഖലയില്‍ 6.67 മാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. ഗ്രാമീണ മേഖലയില്‍ നിന്ന് ആകെ 7.05 മാര്‍ക്കാണ് സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്.

ബിജെപി സാധ്വീനം പുലര്‍ത്താറുള്ള നഗരമേഖലകളില്‍ നിന്നും മികച്ച മാര്‍ക്കാണ് സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. വിദ്യാഭ്യാസ രംഗത്തെ മികവിന് 7.85 മാര്‍ക്കും വൈദ്യൂതി രംഗത്തെ മികവിന് 7.83 മാര്‍ക്കും പൊതുഗതാഗത രംഗത്തെ മികവിന് 7.61 മാര്‍ക്കും ലഭിച്ചു. അതേ സമയം ശൗചാലയങ്ങളുടെയും ഫുട്പാത്തുകളുടെയും പ്രവര്‍ത്തന മികവിന് 6.79 മാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. അഴിമതി നിര്‍മ്മാജ്ജന മികവിന് 6.77 മാര്‍ക്കും തൊഴിലവസരങ്ങളുടെ പ്രവര്‍ത്തനത്തിന് 6.40 മാര്‍ക്കും ലഭിച്ചു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി സംസ്ഥാനത്ത് പ്രചരണം നടത്തിക്കൊണ്ടിരിക്കേ സര്‍വ്വേ ഫലം പുറത്ത് വന്നത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Story by
Read More >>