ബിജെപി -പിഡിപി സഖ്യം പൊളിഞ്ഞു; മെഹബൂബ മുഫ്തി രാജിവെച്ചു

Published On: 19 Jun 2018 9:00 AM GMT
ബിജെപി -പിഡിപി സഖ്യം പൊളിഞ്ഞു; മെഹബൂബ മുഫ്തി രാജിവെച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പി അവസാനിപ്പിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്.

ബി.ജെ.പിക്ക് നിര്‍വാഹമില്ലാത്ത സാഹചര്യത്തിലാണ് ജമ്മു കാശ്മീരിലെ സഖ്യം അവസാനിപ്പിച്ചതെന്ന് പാര്‍ട്ടി നേതാവ് രാം മാധവ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ സുരക്ഷാ സാഹചര്യങ്ങളും അത് കൈകാര്യം ചെയ്യേണ്ട സാഹചര്യത്തിലും ഗവര്‍ണര്‍ ഭരണമാണ് അനിവാര്യമാവുക. കേന്ദ്ര സര്‍ക്കാറിന്റെ ഭരണം സാദ്ധ്യമാകുമോ എന്നതിനെ പറ്റിയും അന്വേഷിക്കും. രാം മാധവ് പറഞ്ഞു.

മെഹബൂബ മുഫ്തി മന്ത്രിസഭയിലെ 11 ബി.ജെ.പി അംഗങ്ങളും രാജിവച്ചിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പിയും പി.ഡി.പിയും കാശ്മീരില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. നിരവധി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും കഠ്‌വയിലെ എട്ടു വയസുകാരിയെ ബലാല്‍ത്സംഗം ചെയ്ത് കൊന്ന സംഭവത്തിന് ശേഷമാണ് പ്രശ്‌നം രൂക്ഷമായത്.

റംസാന്‍ മാസത്തിലെ വെടിനിര്‍ത്തല്‍ കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച അവസാനിപ്പിച്ചതിനു ശേഷമാണ് സഖ്യം അവസാനിപ്പിക്കാനുള്ള ബി.ജെ.പി തീരുമാനം.

Top Stories
Share it
Top