മതം പറഞ്ഞ് സ്വാധീനിക്കാന്‍ ശ്രമിച്ചു: കഠ്‌വ കേസില്‍ വെളിപെടുത്തലുമായി ക്രൈം ബ്രാഞ്ച് ഓഫീസര്‍ 

Published On: 16 April 2018 12:15 PM GMT
മതം പറഞ്ഞ് സ്വാധീനിക്കാന്‍ ശ്രമിച്ചു:  കഠ്‌വ കേസില്‍ വെളിപെടുത്തലുമായി ക്രൈം ബ്രാഞ്ച് ഓഫീസര്‍ 

കശ്മീര്‍: കഠ്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രത്യേക അന്വേഷണ സംഘത്തിലെ ഏക വനിതാ ഓഫീസര്‍ ശ്വേതാംബ്രി ശര്‍മ്മ. അന്വേഷണം വഴി തിരിച്ചു വിടാന്‍ കേസിലെ പ്രതികളും, അവരുടെ ബന്ധുക്കളും, അവരോട് അനുകമ്പ പ്രകടിപ്പിക്കുന്നവരും, ചില അഭിഭാഷകരും ശ്രമിച്ചുവെന്ന് ശ്വേതാംബ്രി ശര്‍മ്മ ''ദി ക്വിന്റിന്'' നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അന്വേഷണം തടസപ്പെടുത്താനുള്ള ഒരു അവസരവും അവര്‍ വിട്ടുകളഞ്ഞിട്ടില്ല. അങ്ങേയറ്റം ഉപദ്രവമാണ് അവരില്‍ നിന്നും ഉണ്ടായത്. പക്ഷേ അവസാനം വരെ ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നുവെന്ന് ജമ്മുവിലെ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ ശ്വേതാംബ്രി പറയുന്നു.

''കേസ് അട്ടിമറിക്കാന്‍ ഹിരാനഗര്‍ പൊലീസ് സ്റ്റേഷനിലുള്ള ഉദ്യോഗസ്ഥര്‍ക്കുവരെ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നും അവര്‍ തെളിവുനശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ വസ്ത്രം കഴുകിയെന്നും മനസിലാക്കിയപ്പോള്‍ തങ്ങള്‍ നിരാശരായി. ഒട്ടേറേ എതിര്‍പ്പുകള്‍ അവഗണിച്ചാണ് തങ്ങള്‍ കേസ് അന്വേഷിച്ചത്. എന്നിട്ടും ഈ ബലാത്സംഗവും കൊലപാതക്കുറ്റവും ഞങ്ങള്‍ പുറത്തുകൊണ്ടുവന്നു. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ദൈവികമായ ഒരു ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പ്രതികളില്‍ ഭൂരിപക്ഷവും ബ്രാഹ്മണര്‍മാരായതിനാല്‍ അവര്‍ എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. നമ്മള്‍ ഒരേജാതിയും മതവുമാണെന്നും ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും അവരെ കുറ്റക്കാരാക്കരുതെന്നുമൊക്കെ അവര്‍ പറഞ്ഞു. ജമ്മു കശ്മീര്‍ പൊലീസ് ഓഫീസറാണ് ഞാന്‍, എനിക്കൊരു മതവുമില്ല. എന്റെ മതം പൊലീസ് യൂണിഫോം മാത്രമാണെന്ന് ഞാനവരോട് പറഞ്ഞു.

ഇത്തരം അടവുകള്‍ പരാജയപ്പെട്ടപ്പോള്‍ അവരുടെ ബന്ധുക്കളും അനുകൂലികളും ഭീഷണിപ്പെടുത്തി. അവര്‍ ലാത്തികളും ത്രിവര്‍ണ പതാകയുമായി റാലികള്‍ നടത്തി. വിവിധ ഗ്രാമങ്ങളിലേക്കും കോടതികളിലേക്കുമുള്ള റോഡുകള്‍ തടഞ്ഞു. ജാമ്യഹര്‍ജി കേള്‍ക്കുന്ന കോടതിയിലെത്തിയ ഞങ്ങള്‍ക്കെതിരെ പത്തിരുപത് വക്കീലന്മാര്‍ പ്രതിഷേധപ്രകടനം നടത്തി. ഇവയൊക്കെ സഹിച്ച് ക്ഷമയും അക്ഷീണപ്രയത്‌നവും കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ജോലി പൂര്‍ത്തിയാക്കി. അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടും പ്രഫഷണലിസത്തോടുംകൂടി''- ശ്വേതാംബ്രി പറയുന്നു.

ജമ്മുവിലെ കഠ്‌വ ജില്ലയിലെ ഹിരാനഗറിലെ രസാന ഗ്രാമത്തിലെ എട്ടുവയസുകാരിയെ ജനുവരി 10ാണ് കാണാതാകുന്നത്. ജനുവരി 17 ന് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജനുവരി 23നാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ അന്വേഷണമേല്‍പ്പിക്കുന്നത്.

Top Stories
Share it
Top