ഇടതും വലതും വേര്‍തിരിച്ചറിയാത്ത കുട്ടിയാണവള്‍; അവള്‍ക്കെന്ത് ഹിന്ദു മുസ്ലിം? ആസിഫയുടെ അച്ഛന്‍ ചോദിക്കുന്നു

Published On: 2018-04-13 10:00:00.0
ഇടതും വലതും വേര്‍തിരിച്ചറിയാത്ത കുട്ടിയാണവള്‍; അവള്‍ക്കെന്ത് ഹിന്ദു മുസ്ലിം? ആസിഫയുടെ അച്ഛന്‍ ചോദിക്കുന്നു

ജമ്മു: ''ഹിന്ദുവാണോ മുസല്‍മാനാണോ എന്നൊക്കെ അവള്‍ ചിന്തിച്ച് കാണുമോ'' സന്‍സാര്‍ മലനിരകളില്‍ എവിടെയോ നിന്ന് ആസിഫയുടെ അച്ഛന്‍ ചോദിക്കുന്നു. തന്റെ 8 വയസ്സായ മകളുടെ ക്രൂരപീഡനവും മരണവും ജമ്മു കാശ്മീരിലെ രാഷ്ട്രീയ പോരില്‍ പുതിയ ആയുധമായി മാറുമ്പോള്‍ ബഖര്‍വാള്‍ കുടുംബം യാത്രയിലാണ്. എല്ലാ വേനല്‍ക്കാലങ്ങളിലുമെന്ന പോലെ 600 കി.മി താണ്ടി ദൂരേക്ക്. ''പ്രതികാരം ചെയ്യാനായിരുന്നുവെങ്കില്‍ വേറെയാരെയെങ്കിലും തെരഞ്ഞെടുക്കാമായിരുന്നില്ലേ അവര്‍ക്ക്. നിഷ്‌കളങ്കയായ പാവം കുഞ്ഞായിരുന്നു അവള്‍. അവളെ തന്നെ വേണമായിരുന്നോ അവര്‍ക്ക്. അവള്‍ക്ക് അവളുടെ കാലും കൈയ്യും പോലും തിരിച്ചറിയാനുള്ള പ്രായം കൂടിയായിരുന്നില്ല.

വലത് കൈയ്യും ഇടത് കൈയ്യും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കൂടി കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ള അവള്‍ ഹിന്ദു എന്താണെന്നോ മുസല്‍മാന്‍ എന്താണെന്നോ ഒരിക്കലും മനസ്സിലാക്കിയിട്ടുണ്ടാകില്ല.'' ആസിഫയുടെ അച്ഛന്‍ കരഞ്ഞ് കൊണ്ട് പറഞ്ഞു. ദി ഇന്ത്യന്‍ എക്സ്പ്രസ്സ് ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു ആസിഫ. മൂത്തത് രണ്ട് ആണ്‍കുട്ടികള്‍. കത്തുവയിലായിരുന്ന സമയത്ത് ഒരാള്‍ 11 ലും ഒരാള്‍ 6 ലും പഠിക്കുകയായിരുന്നു. ആസിഫയെ തന്റെ സഹോദരിയുടെ പക്കല്‍ നിന്നും ദത്തെടുത്തതായിരുന്നു. ഒരു അപകടത്തില്‍ തന്റെ രണ്ട് മക്കളെ നഷ്ടപ്പെട്ട സങ്കടം നികത്താന്‍. ''ഞങ്ങള്‍ പുറത്ത് പോകുമ്പോള്‍ അമ്മയ്ക്ക് കൂട്ടിരുന്നത് അവളായിരുന്നു'' അയാള്‍ പറഞ്ഞു. 'അവള്‍ക്ക് മൃഗങ്ങളെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും കുടുംബം പോറ്റിയിരുന്ന കുതിരകളെയും പുതുതായി ജനിച്ച രണ്ട് ആട്ടിന്‍കുട്ടികളെയും. ഒരു നായയുമുണ്ട്. അവളായിരുന്നു സ്ഥിരമായി അവയെ പരിപാലിച്ചിരുന്നത് അയാള്‍ ഓര്‍ത്തെടുത്തു. ''ഞാന്‍ പുറത്ത് പോകുമ്പോഴൊക്കെ അവള്‍ക്ക് കൂടെ വരണമായിരുന്നു''

''ഏറ്റവുമൊടുവില്‍ അവള്‍ അച്ഛനമ്മമാരോടൊത്ത് പുറത്ത് പോയത് ജനുവരി ആദ്യവാരത്തിലായിരുന്നു. ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് പുതിയ വസ്ത്രം വാങ്ങാന്‍ സംബ നഗരത്തിലേക്ക്. ആ കല്ല്യാണത്തിന് വെറും നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അവളെ അവര്‍ തട്ടിക്കൊണ്ട് പോയത്. അവളുടെ ജീവനറ്റ ശരീരം കണ്ടെത്തുന്നതിന് മുമ്പ് കണ്ടുകിട്ടിയത് അവള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളായിരുന്നു'' ''ഇക്കൊല്ലം അവളെ ഒരു പ്രൈവറ്റ് അക്കാദമിയില്‍ ചേര്‍ക്കണമെന്നായിരുന്നു അവളുടെ അമ്മയുടെ ആഗ്രഹം. അവളെ ഡോക്ടറോ ടീച്ചറോ ആക്കാന്‍ വേണ്ടിയായിരുന്നില്ല അവളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചത്. അത്തരം വലിയ മോഹങ്ങളൊന്നും തന്നെയില്ല ഞങ്ങള്‍ക്ക്. പഠിച്ചാല്‍ അവള്‍ സ്വന്തം കാര്യങ്ങള്‍ നോക്കി ചെയ്യുമെന്ന് ഞങ്ങള്‍ വിചാരിച്ചു.

ജീവിക്കാന്‍ ഒരു മാര്‍ഗം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചു. സുന്ദരിയായിരുന്നു, ഒരു നല്ല കുടുംബത്തിലേക്ക് പറഞ്ഞയക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഞങ്ങല്‍ ഒരിക്കലും കരുതിയിരുന്നില്ല അതിന് മുന്നേ ഈ നരാധമന്മാര്‍ അവളെ പിടിച്ച് കൊണ്ട് പോകുമെന്ന് കരുതിയതേയില്ല.'' കരച്ചില്‍ നിര്‍ത്താതെ ആസിഫയുടെ അച്ഛന്‍ പറഞ്ഞു. ''ഞാന്‍ ഏറ്റവും ദുര്‍ബലനായ മനുഷ്യനാണ് എന്നതിനാലാകാം അവരുടെ ഇരയായത്. പക്ഷേ, ദൈവം എല്ലാം കാണുന്നുണ്ട്. ദൈവത്തിന് ശരിയും തെറ്റുമറിയാം. കാര്‍ഗിലില്‍ ശൈത്യം ശക്തമാകുമ്പോള്‍ എല്ലാ വര്‍ഷത്തേയും പോലെ വരുന്ന സെപ്തംബറില്‍ വീണ്ടും കത്തുവ ഗ്രാമത്തിലേക്ക് വരും ഞങ്ങള്‍ എന്തിന് തിരികെ തിരികെ പോകാതിരിക്കണം അവിടെ ഞങ്ങളുടെ വീടുണ്ട്. ഏറിയാല്‍ ആവര്‍ ഞങ്ങളെ കൊല്ലുമായിരിക്കും'' അദ്ദേഹം പറയുന്നു.

Top Stories
Share it
Top