കൊല്ലപ്പെട്ടേക്കാം, എങ്കിലും നിലപാടില്‍ നിന്ന് പിന്മാറില്ല തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു: ദീപിക സിങ്‌

Published On: 2018-06-18 06:45:00.0
കൊല്ലപ്പെട്ടേക്കാം, എങ്കിലും നിലപാടില്‍ നിന്ന് പിന്മാറില്ല തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു: ദീപിക സിങ്‌

തൃപ്രയാര്‍: താന്‍ കൊല്ലപ്പെട്ടേക്കാം, എങ്കിലും എന്റെ നിലപാടുകളെ തിരുത്തില്ലെന്ന് കശ്മീരിലെ കത്വവ കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന അഭിഭാഷക ദീപിക സിങ് രജാവത്.തന്നെ രാജ്യദ്രോഹിയായും മതവിരുദ്ധയായും ചിത്രീകരിക്കുകയാണ്. കേസ് ഏറ്റെടുത്തതിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തലും തുടരുകയാണ്.

പിഞ്ചുകുഞ്ഞുങ്ങള്‍ കണ്മുമ്പില്‍ മാനഭംഗത്തിനിരയാകുന്ന നമ്മുടെ രാജ്യത്തെ എങ്ങിനെയാണ് വികസ്വരമെന്നോ വികസിതമെന്നോ വിളിക്കാനാകുകയെന്നും ദീപിക ചോദിച്ചു. നമ്മുടെ ഓരോരുത്തരുടെയും മനോഭാവം മാറണം. ഞാനും മാനഭംഗത്തിനിരയായേക്കാം. പക്ഷേ എന്റെ നിലപാടുകളെ തിരുത്താന്‍ എനിക്കാവില്ല -അവര്‍ പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടനയാണ് എന്റെ മതം, ഈ മണ്ണാണ് എന്റെ മതം. കശ്മീരില്‍ നടന്നത് അപമാനകരമായ സംഭവമാണ്. എന്നിട്ടും നാം മൗനിയായിരിക്കുന്നു. ഇന്ത്യയില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞും ആശങ്കകളില്ലാതെ മാനഭംഗശ്രമത്തില്‍ നിന്ന് പൂര്‍ണമായി വിടുതല്‍ നേടിയ അവസ്ഥ ഉണ്ടാകുംവരെ നമുക്ക് അഭിമാനിക്കാനാവില്ല. എന്നിട്ടും നാം അഭിമാനികളായി നടിക്കുന്നു.

എല്ലാവരും സഹോദരി സഹോദരന്മാരാണെന്ന ബോധം ഓരോരുത്തരിലും ഉണ്ടാകുകയാണ് വേണ്ടതെന്നും ദിപിക വ്യക്തമാക്കി
തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ കഴിമ്പ്രം ഡിവിഷന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങിനെത്തിയതായിരുന്നു അവര്‍.


Top Stories
Share it
Top