ഫ്ലിപ്കാർട്ടിൽ പരാതി പറയാൻ വിളിച്ച ഉപഭോക്താവിന് ബിജെപി മെമ്പർഷിപ്പ്

കൊല്‍ക്കത്ത: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ നിന്നും ഹെഡ്ഫോൺ വാങ്ങിയെങ്കിലും വീട്ടിലെത്തിയത് എണ്ണക്കുപ്പി. പരാതി പറയാൻ വിളിച്ചപ്പോ നല്ല...

ഫ്ലിപ്കാർട്ടിൽ പരാതി പറയാൻ വിളിച്ച ഉപഭോക്താവിന് ബിജെപി മെമ്പർഷിപ്പ്

കൊല്‍ക്കത്ത: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ നിന്നും ഹെഡ്ഫോൺ വാങ്ങിയെങ്കിലും വീട്ടിലെത്തിയത് എണ്ണക്കുപ്പി. പരാതി പറയാൻ വിളിച്ചപ്പോ നല്ല മുട്ടൻ പണി കിട്ടി ഉപഭോക്താവ്. കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ലഭിച്ച ബിജെപി മെമ്പര്‍ഷിപ്പാണ് യുവാവിനെ ഞെട്ടിച്ചത്. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അർധരാത്രി വരെ നീളുന്ന ലോക കപ്പ് മാച്ചുകള്‍ മറ്റുള്ളവരുടെ ഉറക്കത്തിന് തടസ്സമാകാതെ എങ്ങനെ കാണും എന്ന ചിന്തയാണ് ഹെഡ്‌ഫോണ്‍ എന്ന ഉപായത്തിലെത്തിയത്. ഇതിനെ തുടർന്ന് രണ്ടു സെറ്റ് ഹെഡ്‌ഫോണുകള്‍ക്ക് അദ്ദേഹം ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. വീട്ടിലെത്തിയ ഫ്ലിപ്കാര്‍ട്ടിന്റെ പാക്കറ്റ് പൊളിച്ചു നോക്കിയപ്പോഴാണ് അദ്ദേഹം അമ്പരന്നത്. ഹെഡ്‌ഫോണുകള്‍ക്കു പകരം പാക്കറ്റിലുണ്ടായിരുന്നത് ഒരു കുപ്പി എണ്ണയായിരുന്നു. സാധനം മാറിയതിനാൽ അദ്ദേഹം പാക്കറ്റിലുണ്ടായിരുന്ന ഫ്ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചെങ്കിലും ഒരു തവണ ബെല്ലടിച്ച ശേഷം ഫോണ്‍ കട്ട് ആയി. വീണ്ടും വിളിക്കുന്നതിനിടയില്‍ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. അപ്പോഴാണ് അദ്ദേഹം ശരിക്കും ഞെട്ടിയത്. ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ളതായി മെസ്സേജ്. ഒപ്പം ബിജെപിയുടെ പ്രാഥമിക അംഗത്വ നമ്പറുമുണ്ടായിരുന്നു. അംഗത്വമെടുക്കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് പേരും വിലാസവും പിന്‍കോഡും അടക്കമുള്ള വിവരങ്ങള്‍ എസ്എംഎസ് അയയ്ക്കാനും നിര്‍ദേശമുണ്ടായിരുന്നു.

തുടര്‍ന്ന് ചില സുഹൃത്തുക്കളെക്കൊണ്ട് വിളിപ്പിച്ചെങ്കിലും ഇതുതന്നെയായിരുന്നു ഫലം. പിന്നീട് ഫ്ലിപ്കാര്‍ട്ടിന്റെ യഥാര്‍ഥ കസ്റ്റമര്‍ കെയര്‍ നമ്പര്‍ കണ്ടെത്തുകയും അതില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഫ്ലിപ്കാര്‍ട്ട് ഇയാള്‍ക്ക് ഹെഡ്‌ഫോണ്‍ അയച്ചുകൊടുക്കുകയും അബദ്ധം സംഭവിച്ചതാണെന്നും എണ്ണ ഉപയോഗിക്കുകയോ അല്ലെങ്കിൽ കളയുകയോ ചെയ്യാമെന്നും അറിയിച്ചു.

അതേസമയം, തങ്ങളുടെ അംഗത്വ നമ്പര്‍ ഫ്ലിപ്കാര്‍ട്ടിന്റെ പാക്കറ്റില്‍ വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ബിജെപി ബംഗാള്‍ ഘടകം പ്രതികരിച്ചു. ഈ നമ്പര്‍ തങ്ങളുടെ വെബ്‌സൈറ്റിലും ഫേസ്ബുക്കിലുമെല്ലാം ഉണ്ട്. ആര്‍ക്കു വേണമെങ്കിലും ഇത് പങ്കുവെക്കാവുന്നതാണ്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും ബിജെപി വക്താവ് പറഞ്ഞതായ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

തങ്ങള്‍ മുന്‍പ് കസ്റ്റമര്‍ കെയര്‍ നമ്പറായി ഉപയോഗിച്ചിരുന്ന നമ്പറായിരുന്നു ഇതെന്നും പിന്നീട് ഈ നമ്പര്‍ ഉപേക്ഷിച്ചതായും ഫ്ലിപ്കാര്‍ട്ട് പറയുന്നു. ആറ് മാസമായി ഉപയോഗത്തിലില്ലാത്ത ഈ നമ്പര്‍ ടെലിഫോണ്‍ കമ്പനി മറ്റാര്‍ക്കെങ്കിലും നല്‍കിയതാകാമെന്നും കമ്പനി കൂട്ടിച്ചേർത്തു.

Story by
Read More >>