ഇന്ത്യൻ കറൻസിയിൽ ലക്ഷ്മീ ദേവിയുടെ ചിത്രം വയ്ക്കണം, അതോടെ പ്രതിസന്ധി തീരും: സുബ്രഹ്മണ്യൻ സ്വാമി

പൗരത്വ ഭേദഗതി നിയമം എതിർക്കപ്പെടേണ്ട ഒന്നല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഇന്ത്യൻ കറൻസിയിൽ ലക്ഷ്മീ ദേവിയുടെ ചിത്രം വയ്ക്കണം, അതോടെ പ്രതിസന്ധി തീരും: സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ പ്രതിസന്ധി മാറാൻ കറൻസിയിൽ ഹിന്ദു ദൈവമായ ലക്ഷ്മി ദേവിയുടെ ചിത്രം വയ്ക്കണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. മദ്ധ്യപ്രദേശിലെ ഖാൻഡ്വ ജില്ലയിൽ 'സ്വാമി വിവേകാനന്ദ വ്യാക്യാനമേള' എന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്തൊനീഷ്യൻ കറൻസിയിൽ ഹിന്ദു ദൈവമായ ഗണപതിയുടെ ചിത്രം വച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. ' ഈ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേ ഉത്തരം പറയാൻ സാധിക്കൂ. ഞാൻ ഈ നടപടിയെ അനുകൂലിക്കുന്നുണ്ട്. വിഘ്‌നങ്ങൾ മാറ്റുന്നവനാണ് ഗണേശ ഭഗവാൻ. എന്നാൽ, ഇന്ത്യൻ കറൻസിയുടെ പ്രതിസന്ധി മാറ്റാൻ ലക്ഷ്മീദേവിയുടെ ചിത്രം വയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. എന്റെ ഈ പ്രസ്താവന ആരും തെറ്റിദ്ധരിക്കരുത്.'- സ്വാമി പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമം(സി.എ.എ) എതിർക്കപ്പെടേണ്ട ഒന്നല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'കോൺഗ്രസും മഹാത്മാ ഗാന്ധിയും സി.എ.എയ്ക്ക് അനുകൂലമായിരുന്നു. 2003ൽ മൻമോഹൻ സിങ്ങും പാർലമെന്റിൽ സി.എ.എ ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ അത് ചെയ്തു. എന്നാൽ, ഇപ്പോൾ പാകിസ്താനിലെ മുസ് ലിംകളോട് ഞങ്ങൾ അനീതി കാണിച്ചുവെന്ന് പറഞ്ഞ് അവർ ഇതിനെ എതിർക്കുകയാണ്. എന്ത് അനീതിയാണ് ഞങ്ങൾ കാണിച്ചത്? പാകിസ്താനിലെ മുസ് ലിംകൾക്ക് തിരിച്ചുവരാൻ ആഗ്രഹമില്ല. അവരെ നമുക്ക് നിർബന്ധിക്കാനാകില്ല.'-സ്വാമി പറഞ്ഞു.

മുസ്‌ലിംകളുടേയും ഹിന്ദുക്കളുടേയും ഡി.എൻ.എ ബ്രാഹ്മണരുടേയും ദലിതരുടേയും പോലെ സമാനമാണെന്ന് മദ്ധ്യപ്രദേശിലെ പരിപാടിക്കിടെ സ്വാമി പറഞ്ഞിരുന്നു. വൈകാതെ ഏകീകൃത സിവിൽ കോഡും ബി.ജെ.പി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയിൽ ജനസംഖ്യ വർദ്ധിക്കുകയാണെന്നും 2025ഓളം ചൈനയെ പിന്തള്ളി ഇന്ത്യ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More >>