'ഇന്ത്യയില്‍ ജനാധിപത്യവും പൗര സ്വാതന്ത്ര്യവും കുറയുന്നു'; ആഗോള പഠന റിപ്പോര്‍ട്ട് പുറത്ത്

ജമ്മു കശ്മീറിലെ പ്രത്യേക പദവി എടുത്തു മാറ്റിയതിനു ശേഷവും പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിലും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതും പ്രതിഷേധത്തെ അടിച്ചമർത്തിയതുമാണ് ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് വിനയായത്.

ഇന്ത്യയില്‍ ജനാധിപത്യവും പൗര സ്വാതന്ത്രവും കുറഞ്ഞെന്ന് എക്കണോമിക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തുവിട്ട ആന്വല്‍ ഡെമോക്രസി ഇന്‍ഡക്‌സ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഡെമോക്രസി ഇന്‍ഡക്‌സില്‍ ഇന്ത്യ 10 സ്ഥാനം കീഴോട്ട് പോയി 51-ാം റാങ്കിലെത്തി. നിലവില്‍ അപര്യാപ്തമായ ജനാധിപത്യ വ്യവസ്ഥയുള്ള രാജ്യമായാണ് ഡെമോക്രസി ഇന്‍ഡക്‌സില്‍ കാണിക്കുന്നത്.

2006 ലെ റാങ്കിംഗിനു ശേഷം ഇന്ത്യയുടെ നില മോശമായെന്നാണ് ബ്‌ളൂംബെര്‍ഗ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയും ബഹുസ്വരതയും,പൗരാവകാശം,സര്‍ക്കാരിന്റെ പ്രവര്‍ത്തനം,രാഷ്ട്രീയ പങ്കാളിത്തം,രാഷ്ട്രീയ സംസ്‌കാരം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളെ ആധാരമാക്കിയാണ് ഈ ഇന്‍ഡക്‌സ് തയ്യാറാക്കിയിരിക്കുന്നത്. 2018 ല്‍ 10 ല്‍ 7.23 ആയിരുന്ന ഇന്ത്യയുടെ സ്‌കോര്‍ 2019 ല്‍ 6.90 ആയി കുറയുകായിരുന്നു. 2017 ല്‍ ഇന്ത്യയുടെ റാങ്കിംഗ് 42 ആയിരുന്നു. 2018 എത്തിയപ്പോള്‍ വീണ്ടും താഴ്ന്ന് 41 ല്‍ എത്തുകയായിരുന്നു.

പൂര്‍ണ ജനാധിപത്യം,അപര്യാപ്ത ജനാധിപത്യം,സങ്കര സ്വഭാവമുള്ള ജനാധിപത്യം,സങ്കരസ്വഭാവമുള്ള ഭരണകൂടം, ഏകാധിപത്യ ഭരണകൂടം എന്നിങ്ങനെ നാലു വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് സ്‌കോര്‍ നിര്‍ണയിച്ചത്. ജനകീയ പ്രക്ഷോഭങ്ങള്‍ക്കെതിരെ ഭരണകൂടം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതാണ് രാജ്യം പിന്നില്‍ പോകാന്‍ കാരണം. ജമ്മു കശ്മീറിലെ പ്രത്യേക പദവി എടുത്തു മാറ്റിയതിനു ശേഷവും പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിലും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതും പ്രതിഷേധത്തെ അടിച്ചമർത്തിയതുമാണ് ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് വിനയായത്.

Read More >>