മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ട ജഡ്ജി രാജിവെച്ചു

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ജഡ്ജി രവീന്ദര്‍ റെഡ്ഢി രാജിവെച്ചു. ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസിനാണ് എന്‍ഐഎ...

മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ട ജഡ്ജി രാജിവെച്ചു

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ജഡ്ജി രവീന്ദര്‍ റെഡ്ഢി രാജിവെച്ചു. ആന്ധ്രപ്രദേശ് ചീഫ് ജസ്റ്റിസിനാണ് എന്‍ഐഎ കോടതി ജഡ്ജി റെഡ്ഢി രാജിക്കത്ത് കൈമാറിയത്. വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് രാജി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി എന്നാണ് വിവരം.

രാവിലെയായിരുന്നു കേസില്‍ വിധി പ്രഖ്യാപിച്ചത്. തെളിവുകളുടെ അഭാവത്തില്‍ സ്വാമി അസീമാനന്ദ അടക്കം പ്രതികളായ അഞ്ച് പേരെയും എന്‍.ഐ.എ കോടതി ജഡ്ജി രവീന്ദ്ര റെഡി വെറുതെ വിട്ടിരുന്നു. പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്ന് ജഡ്ജിയുടെ ഉത്തരവില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് എല്ലാ പ്രതികളെയും വെറുതെ വിട്ടത്. അസീമാനന്ദയെക്കൂടാതെ ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത് ബായ്, രാജേന്ദ്ര ചൗധരി എന്നിവരാണ് മറ്റു പ്രതികള്‍. കേസിലെ പ്രതികളായിരുന്ന സന്ദീപ് വി ഡാങ്കേ, രാമചന്ദ്ര കുല്‍സര്‍ഗ എന്നിവരെ നേരത്തേ കാണാതാവുകയും മറ്റൊരു പ്രതിയായിരുന്ന സുനില്‍ ജോഷി മരിക്കുകയും ചെയ്തിരുന്നു.

ലോക്കല്‍ പോലീസും പിന്നീട് സി.ബി.ഐയും അന്വേഷിച്ച കേസ് 2011ലാണ് എന്‍.ഐ.എ ഏറ്റെടുക്കുന്നത്. 2007ലുണ്ടായ മക്ക മസ്ജിദ് സ്ഫോടനത്തില്‍ ഒന്‍പതുപേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അജ്മീര്‍ സ്ഫോടനക്കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അസീമാനന്ദ കുറ്റവിമുക്തനായിരുന്നു.

Story by
Read More >>