ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ; അമ്മയെ കൊന്ന കേസിലും പ്രതി

Published On: 2018-07-11 04:30:00.0
ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ; അമ്മയെ കൊന്ന കേസിലും പ്രതി

ചെന്നൈ: അയല്‍വാസിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 23കാരന് വധശിക്ഷ. എഞ്ചിനീയറായ എസ് ദശ്വന്തിനാണ് മദ്രാസ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. പ്രതി 46 വര്‍ഷം കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞ ഡിസംബറില്‍ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.

2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായം സംഭവം.പട്ടിക്കുഞ്ഞിനൊപ്പം കളിക്കാന്‍ അനുവദിക്കാം എന്ന് പറഞ്ഞ് ഏഴു വയസുകാരിയെ വീട്ടിലേക്ക്കൊണ്ടുവരികയായിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ ദശ്വന്ത് മൃതദേഹം ബാഗിലാക്കി ദേശീയ പാതയോരത്ത് കൊണ്ടു പോയി കത്തിച്ചു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരിയില്‍ ദശ്വന്തിന് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ കോടതി വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജാമ്യത്തിലിറങ്ങി സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിലും ദശ്വന്ത് പ്രതിയാണ്. മാതാവിനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കി ഇയാള്‍ മുംബൈയിലേക്ക് ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് ചെന്നൈ പൊലീസ് മുംബൈയിലെത്തി ഇയാളെ പിടികൂടിയെങ്കിലും തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. തുടര്‍ന്ന് ഒരു ദിവസം കഴിഞ്ഞ് ദശ്വന്ത് വീണ്ടും പിടിയിലാവുകയായിരുന്നു.

Top Stories
Share it
Top