മഹാരാഷ്ട്രയില്‍ വീണ്ടും ആള്‍ക്കൂട്ടാക്രമണം: ഇരയായവരെ പോലീസ് രക്ഷപ്പെടുത്തി

Published On: 2018-07-02 08:45:00.0
മഹാരാഷ്ട്രയില്‍ വീണ്ടും ആള്‍ക്കൂട്ടാക്രമണം: ഇരയായവരെ പോലീസ് രക്ഷപ്പെടുത്തി

പുണെ : കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വന്നവരെന്ന് സംശയത്തില്‍ ആള്‍ക്കൂട്ടം അഞ്ചു പേരെ തല്ലിക്കൊന്ന സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ സമാന ആക്രമണം. നാസിക് ജില്ലയിലെ മലേഗാവ് ആസാദ് നഗറിലാണ് സംഭവം. രണ്ടു വയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പ്പിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരെന്ന സംശയത്തിലായിരുന്നു മര്‍ദനം. അഞ്ചുപേരെയും പോലീസ് രക്ഷപ്പെടുത്തി.

നാട്ടിലേക്കു തിരികെ പോകാന്‍ പണത്തിനായി ഭിക്ഷാടനം നടത്തുന്നതിനിടെയാണ് മുപ്പത്തഞ്ചോളം ആളുകള്‍ ചേര്‍ന്ന് ഇവരെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായ മര്‍ദനത്തിന് ഇരയായ കുടുംബം ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പൊലീസെത്തിയാണ് പിന്നീട് ഇവരെ മോചിപ്പിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.

മഹാരാഷ്ട്രയിലെ തന്നെ റെയില്‍പാഡയില്‍ ഞായറാഴ്ച നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരെന്ന സമൂഹമാധ്യമത്തിലെ വ്യാജ സന്ദേശമാണ് ഈ സംഭവത്തിനും കാരണമായത്. ചെന്നൈയില്‍നിന്നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണത്തെ തുടര്‍ന്ന് മെയ് 20 ന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്.

Top Stories
Share it
Top