അയോദ്ധ്യ വിധി: പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ്; മഹാരാഷ്ട്രയിൽ ഒരാൾ അറസ്റ്റിൽ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ തീർപ്പു കൽപ്പിക്കുന്നത്

അയോദ്ധ്യ വിധി: പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ്; മഹാരാഷ്ട്രയിൽ ഒരാൾ അറസ്റ്റിൽ

മുംബൈ: അയോദ്ധ്യ തർക്ക ഭൂമി കേസിൽ ഇന്ന് സുപ്രിം കോടതി വിധി പറയാനിരിക്കെ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റിട്ട 56കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ധുലെയിലുള്ള സഞ്ജയ് രാമേശ്വർ ശർമയാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇയാൾ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പ്രാദേശിക ഭാഷയിലായിരുന്നു പോസ്റ്റ്. ശ്രീ റാം ജന്മഭൂമിക്ക് നീതി ലഭിച്ചതിന് ശേഷം ദീപാവലി ആഘോഷിക്കുമെന്നും അത് ചരിത്രത്തിന്റെ ഇരുണ്ട ഇടം നീക്കംചെയ്യുമെന്നുമായിരുന്നു ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചത്.

അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ നിരീക്ഷിക്കുന്ന പൊലീസ് സംഘം രഞ്ജയ് രാമേശ്വറിന്റെ അക്കൗണ്ട് പരിശോധിച്ചു. തുടർന്ന് ഐ.പി.സി 153(1) (ബി), 188 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

രണ്ടര ദശാബ്ദത്തോളം നീണ്ട, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസിലാണ് രാജ്യത്തെ പരമോന്നത കോടതി ഇന്ന് രാവിലെ പത്തരയ്ക്ക് വിധി പറയുന്നത്.

വിധിക്ക് മുമ്പോടിയായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്നലെ ചീഫ് ജസ്റ്റിസ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. യു.പിയിൽ മാത്രം 40 കമ്പനി അർദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്.

അയോദ്ധ്യയിലെ 2.7 ഏക്കർ വരുന്ന ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് കോടതി പരിഗണിച്ചത്. 40 ദിവസം തുടർച്ചയായാണ് കോടതി കേസിൽ വാദം കേട്ടത്.

അയോദ്ധ്യ വിധിയിൽ ആരും തോൽക്കുകയോ ജയിക്കുകയോ ഇല്ലെന്നും രാജ്യത്തെ ഐക്യം കാത്തു സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. കേസിൽ ഇന്ന് വിധി പറയുമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയതിന് പിന്നാലെ ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസിൽ തീർപ്പു കൽപ്പിക്കുന്നത്. വിധിക്ക് മുമ്പോടിയായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്നലെ ചീഫ് ജസ്റ്റിസ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. യു.പിയിൽ മാത്രം 40 കമ്പനി അർദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. അവധി ദിനമായിട്ടും ചീഫ് ജസ്റ്റിസ് വിധി പറയാൻ ശനിയാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. വിധി റിപ്പോർട്ട് ചെയ്യുന്ന അക്രഡിറ്റേഷൻ ഉള്ള മാദ്ധ്യമ പ്രവർത്തകർ രാവിലെ ഒമ്പതു മണിക്ക് മുമ്പായി കോടതിയിൽ പ്രവേശിക്കണമെന്ന നിർദ്ദേശമുണ്ട്.

Read More >>