കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്ല്യ തിരിച്ചുവരാനൊരുങ്ങുന്നു
മുംബൈ: 9000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്ല്യ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് നിയമനടപടികള്‍...
മുംബൈ: 9000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്ല്യ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് നിയമനടപടികള്‍ നേരിടാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയതായാണു റിപ്പോര്‍ട്ടുകള്‍. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ലെന്നും കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും അന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്ത ഇന്ത്യയിലും വിദേശത്തുമായുള്ള മല്ല്യയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.
മല്ല്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ മല്ല്യക്ക് തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചുവരാൻ തയാറെന്ന് മല്ല്യ അറിയിച്ചത്. മല്ല്യയുടെ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്താനും കണ്ടുകെട്ടാനും ബ്രിട്ടീഷ് ഹൈകോടതി ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു. ഇതേതുടർന്ന് യു.കെ അധികാരികളുമായി സഹകരിച്ച് മല്ല്യയുടെ പരമാവധി ആസ്തികൾ കണ്ടുകെട്ടാനുള്ള ശ്രമം ബാങ്കുകൾ ആരംഭിച്ചിരുന്നു.
കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 27 ന് മുന്നെ മല്ല്യയോട് ഹാജറാവുവാന് കഴിഞ്ഞ മാസം മുംബൈ കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്കുകളില്‍ നിന്നും 9000 കോടിയുടെ സാമ്പത്തികതട്ടിപ്പു നടത്തിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ നടപടി. സിബിഐയും എൻഫോഴ്സ്മെന്റും സമർപ്പിച്ച നിരവധി കേസുകളാണ് മല്ല്യക്കെതിരെ ഇന്ത്യയിൽ നിലവിലുള്ളത്.