വിമാനത്താവളത്തില്‍ അറസ്റ്റ്, രാത്രി മുഴുവന്‍ കുത്തിയിരുന്ന് തൃണമൂല്‍ നേതാക്കള്‍

Published On: 3 Aug 2018 3:30 AM GMT
വിമാനത്താവളത്തില്‍ അറസ്റ്റ്, രാത്രി മുഴുവന്‍ കുത്തിയിരുന്ന് തൃണമൂല്‍ നേതാക്കള്‍

ഗുവാഹട്ടി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പരിപാടികള്‍ക്കായി അസാമിലെത്തിയ മന്ത്രിമാരടങ്ങിയ എട്ട് അംഗ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ
സില്‍ച്ചാര്‍ വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി മുഴുവനും വിമാനത്താവളത്തില്‍ കഴിഞ്ഞ സംഘം രാവിലെ കൊല്‍ക്കത്തയ്ക്ക് മടങ്ങി.

വിമാനത്താവളത്തില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. വിമാനത്താവളത്തിലൂടെ ഓടിയ സംഘത്തെ തടയാനുള്ള ശ്രമത്തിനിടെ ഉന്തിലും തള്ളിലുമായി വനിതാ പൊലീസിന് പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ വിമാനത്താവളത്തിലെത്തിയ സംഘത്തെ ജില്ലാ അധികാരികളും പൊലീസും ചേര്‍ന്ന് തടഞ്ഞു. വൈകീട്ടോടെയായിരുന്നു അറസ്റ്റ്. അസമിലെ ജനങ്ങളെ കാണാനുള്ള തങ്ങളുടെ അവകാശമാണ് തടഞ്ഞതെന്നും ഇത് അടിയന്തിരാസ്ഥക്ക് സമമാണെന്നും തൃണമൂല്‍ എംപി ഡെറെക് ഒബ്രീന്‍ ആരോപിച്ചു.

രാജ്യസഭാ എം.പി സുഖേന്ദു ശേഖര്‍ റോയുടെ നേതൃത്വത്തില്‍ ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിം, കാകോല ഘോഷ് ദാസ്തിദര്‍, രത്നാ ഡേ നാഗ്, നദീമുല്‍ ഹഖ്, അര്‍പ്പിത ഘോഷ്, മമത താക്കൂര്‍ എന്നിവരാണ് സംഘത്തിലുണ്ടായത്. പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നുവെന്നും പൊലീസ് തങ്ങളെ ഘരാവോ ചെയ്യുകയായിരുന്നുവെന്നും സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞു.

Top Stories
Share it
Top