ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

Published On: 28 July 2018 3:45 PM GMT
ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ സുധാകര്‍ (29) ആണ് ആത്മഹത്യ ചെയ്തത്. മദനപളളി നഗരത്തിലെ രാമ റാവു കോളനിയിലെ നെയ്ത്തുതൊഴിലാളിയായ ഇയാളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അച്ഛന്‍ രാമചന്ദ്രനും സരോജിനിയമ്മയും ജോലിക്ക് പുറത്തുപോയ സമയത്താണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

'ആന്ധ്രയുടെ പ്രത്യേക പദവി ഞങ്ങളുടെ അവകാശം' എന്നെഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. മരിക്കും മുന്‍പ് മദനപ്പളളിയിലെ അനാഥാലയത്തിന് 5000 രൂപ സംഭാവന ചെയ്തതിന്റെ രസീതി ഇദ്ദേഹത്തിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചു. സുധാകറിന്റെ മരണത്തില്‍ തെലുഗുദേശം പാര്‍ട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു കടുത്ത ദു:ഖം രേഖപ്പെടുത്തി. ആരും ഇതുപോലെ ആത്മഹത്യ ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ സമരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുധാകറിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനാശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്രത്തിന്റെ ആന്ധ്രയോടുളള അവഗണനയില്‍ പ്രതിഷേധിച്ച് തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മൊബൈല്‍ ടവറില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

Top Stories
Share it
Top