പാര്‍ട്ടി ഓഫീസിലെ താമസം മതിയാക്കാനൊരുങ്ങി മണിക് സര്‍ക്കാര്‍; ഔദ്യോഗിക വസതി ആവശ്യപ്പെട്ട് കത്ത് നല്‍കി

Published On: 18 April 2018 11:15 AM GMT
പാര്‍ട്ടി ഓഫീസിലെ താമസം മതിയാക്കാനൊരുങ്ങി മണിക് സര്‍ക്കാര്‍; ഔദ്യോഗിക വസതി ആവശ്യപ്പെട്ട് കത്ത് നല്‍കി

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറിയ മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ ഔദ്യോഗിക വസതിയും വാഹനവും ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. അധികാരം നഷ്ടപ്പെട്ട ശേഷം പാര്‍ട്ടി ഓഫീസിലായിരുന്നു മണിക്ക് സര്‍ക്കാറിന്റെയും ഭാര്യ പാഞ്ചലി ഭട്ടാചാര്യയുടെയും താമസം. അഗര്‍ത്തലയില്‍ ഇവര്‍ക്ക് സ്വന്തം വീടില്ല.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം താമസ സൗകര്യവും വാഹനവും അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള അംബാസിഡര്‍ കാറില്‍ സഞ്ചരിക്കാന്‍ ആരോഗ്യ സ്ഥിതി അനുവദിക്കാത്തതിനാല്‍ ഇന്നോവയോ സ്‌പോര്‍പ്പിയോ അനുവദിക്കണമൊന്നാണ് കത്തിലെ ആവശ്യമെന്ന് നിയമസഭാ സെക്രട്ടറി ബാംദേവ് മജുംദാര്‍ പറഞ്ഞു. കത്ത് ലഭിച്ച ശേഷം ബൊലേറോ ജീപ്പ് അനുവദിച്ചുവെങ്കിലും അഞ്ച് വര്‍ഷം പഴക്കം ചെന്ന ജീപ്പ് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വലിയ വാഹനം ആവശ്യപ്പെട്ടതെന്നും ബി.ജെ.പി സര്‍ക്കാര്‍ വാഹനം അനുവദിക്കാത്ത പക്ഷം സി.പി.എം പാര്‍ട്ടി ഓഫീസിലെ വാഹനം അദ്ദേഹം ഉപയോഗിക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിജന്‍ ദാര്‍ പറഞ്ഞു. അനുവദിച്ച വാഹനം ഉപയോഗിക്കാതെ പ്രത്യേകതരം എസ്.യു.വിക്കായി വാശിപിടിക്കുന്നത് അദ്ദേഹത്തിന്റെ ആഡംബര ജീവിതമാണ് കാണിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സുബ്രതാ ചക്രബര്‍ത്തി പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ത്രിപുരയില്‍ ഭരണം നടത്തിയ മണിക്ക് സര്‍ക്കാര്‍ മാര്‍ച്ച് എട്ടിനാണ് ഭാര്യയുമൊത്ത് പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറിയത്.

Top Stories
Share it
Top