മറാത്താ പ്രക്ഷോഭത്തില്‍ പരിക്കേറ്റ ഇരുപത്തഞ്ചുകാരന്‍ മരിച്ചു

Published On: 2018-07-27 05:30:00.0
മറാത്താ പ്രക്ഷോഭത്തില്‍ പരിക്കേറ്റ ഇരുപത്തഞ്ചുകാരന്‍ മരിച്ചു

മുംബൈ: മറാത്താ പ്രക്ഷോഭത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രോഹന്‍ തോട്കര്‍ എന്ന യുവാവാണ് ജെജ ഹോസ്പിറ്റലില്‍ വച്ച് മരിച്ചത്. തലയില്‍ ഗുരുതര പരിക്കുമായി എത്തിയ രോഹന്‍ വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയനായി എന്നു ആശുപത്രി ഡീന്‍ മുകുന്ദ് തയഡേ പറഞ്ഞു. വ്യാഴാഴ്ചയാണ് രോഹനെ പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

എട്ട് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ 20 ഓളം പൊലീസുകാരെ കല്ലേറില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നവി മുംബൈയിലെ കോപാര്‍ ഖരാനയിലും കലമ്പോലിയിലും ബുധനാഴ്ച നടന്ന ബന്ദില്‍ പരക്കെ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. 15 -ഓളം വാഹനങ്ങളാണ് ബന്ദിലെ അക്രമങ്ങളില്‍ തകര്‍ന്നത്. ഇതില്‍ 20 എണ്ണം പൊലീസിന്റെതാണ്. ഗ്രനേഡും കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും ഉപയോഗിച്ച് അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ശ്രമത്തില്‍ 9 പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ 42 കണ്ണീര്‍ വാതക ഷെല്ലുകളും 11 ഗ്രനേഡും പ്രയോഗിക്കേണ്ടി വന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടാതെ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് 40 തവണ വെടിവെയ്‌ക്കേണ്ടി വന്നുവെന്നും ഡെക്കാന്‍ ക്രോണിക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍കരുതലായി നവി മുബൈയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 30 ശതമാനത്തോളം വരുന്ന മറാത്ത വിഭാഗക്കാര്‍ 16 ശതമാനം സംവരണം വേണമെന്ന്് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രകടനങ്ങളാണ് അക്രമാസക്തമായത്. 27 കാരനായ പ്രക്ഷോഭക്കാരന്‍ ഗോതാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്തതോടെയാണ് പ്രക്ഷോഭം കനത്തത്.

Top Stories
Share it
Top