മായാവതി കോണ്‍ഗ്രസിനൊപ്പം; വിദേശ പൗരത്വ പരാമര്‍ശം നടത്തിയ നേതാവിന് സ്ഥാന ചലനം

Published On: 2018-07-17 07:00:00.0
മായാവതി കോണ്‍ഗ്രസിനൊപ്പം; വിദേശ പൗരത്വ പരാമര്‍ശം നടത്തിയ നേതാവിന് സ്ഥാന ചലനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്ന പരാമര്‍ശം നടത്തിയ ബി.എസ്.പി വൈസ് പ്രസിഡന്റ് ജയ്പ്രകാശ് സിംഗിനെ തല്‍സ്ഥാനത്തു നിന്നും നീക്കി. ജയ് പ്രാകാശ് സിംഗിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് മായാവതി ഡല്‍ഹിയില്‍ പത്രസമ്മേളനം വിളിച്ചാണ് പാര്‍ട്ടി നിലപാട് അറിയിച്ചത്. സിംഗിന്റെ വാക്കുകള്‍ വ്യക്തിപരമാണെന്ന് മായാവതി പറഞ്ഞു.

രാഹുലിന് അമ്മയോടാണ് സാദൃശ്യമെന്നും അമ്മ വിദേശിയായതിനാല്‍ ഒരു കാരണവശാലും പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നുമാണ് ജയപ്രകാശ് സിംഗ് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞത്. യോഗത്തില്‍ മായാവതിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജയ്പ്രകാശ് സിംഗിനെ ദേശീയ കോ ഓര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നും നീക്കിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബി.എസ്.പി കോണ്‍ഗ്രസുമായി സഖ്യത്തിലാകാനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്.

Top Stories
Share it
Top