എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ശബ്ദം അടിച്ചമർത്തപ്പെട്ട കശ്മീരികൾക്കു വേണ്ടി സംസാരിച്ചതിന് എന്തിനാണു ഞാൻ തടവിലാക്കപ്പെട്ടത്; അമിത് ഷായ്ക്ക് മെഹബൂബയുടെ മകളുടെ കത്ത്

എന്റെ പ്രായമായ ഉമ്മൂമ്മയ്ക്ക് അവരുടെ മകനെ കാണാൻ അനുമതി നൽകണമെന്നു ഞാൻ അപേക്ഷിക്കുകയാണ്. അതോ അവരും നിങ്ങൾക്കു ഭീഷണിയാണോ?

എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ശബ്ദം അടിച്ചമർത്തപ്പെട്ട കശ്മീരികൾക്കു വേണ്ടി സംസാരിച്ചതിന് എന്തിനാണു ഞാൻ തടവിലാക്കപ്പെട്ടത്; അമിത് ഷായ്ക്ക് മെഹബൂബയുടെ മകളുടെ കത്ത്

ന്യൂഡൽഹി: 'എന്റെ അവകാശങ്ങൾക്കു വേണ്ടി ചോദ്യം ഉന്നയിച്ചതിനാകരുത് എന്നെ ശിക്ഷിച്ചതും അറസ്റ്റു ചെയ്തതും' ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ തോക്കിൻ മുനയിൽ ഒരുനാടിന്റെ മുഴുവൻ സ്വാതന്ത്ര്യത്തെ ഒതുക്കിപിടിച്ച ഭീകരാവസ്ഥയാണ് ജമ്മു കശ്മിരിലെതെന്ന് വെളിപ്പെടുത്തുന്നതാണ് ഇൽത്തിജ മുഫ്ത്തിയുടെ ഈ വരികൾ. മാതാവും കശ്മിർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ ഇളയമകൾ ഇൽത്തിജയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇങ്ങനെ ഒരു കത്ത് എഴുതിയത്.മെഹബൂ മുഫ്തിയും ഇൽത്തിജയുമടക്കം നിരവധി രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ കശ്മിരിൽ വീട്ടു തടങ്കലിലാണ്. എന്നാൽ ഇൽത്തിജ ഈ കത്ത് അമിതി ഷാക്ക് അയച്ചിട്ടില്ല.

തടവിലാക്കിയതിന്റെ കാരണം അന്വേഷിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്നാണ് കത്തെഴുതിയതെന്നുംഎന്റെ മൗലികാവകാശങ്ങൾക്കു വേണ്ടി ചോദ്യങ്ങളുന്നയിച്ചതിനാകരുത് എന്നെ ശിക്ഷിച്ചതും അറസ്റ്റ് ചെയ്തതും എന്നു ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും കത്തിൽ പറയുന്നു. പ്രതികരിക്കുകയും ശബ്ദമുയർത്തുകയും ചെയ്യുന്നവരുൾപ്പെടുന്ന കശ്മീരിലെ ജനതയുടെ സുരക്ഷയോർത്ത് ഭയപ്പെടുന്നു. ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തോടെ ഞങ്ങൾ കശ്മീരികൾ നിരാശയിലാണെന്നും കത്തിൽ പറയുന്നു.

മെഹ്ബൂബ മുഫ്തി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി, മറ്റു ജനപ്രതിനിധികൾ എന്നിവർ തടവിലാണെന്നും പ്രദേശത്ത് കഴിഞ്ഞ 10 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. ഒരു ജനതയെ മുഴുവൻ തളർത്തുന്ന തരത്തിൽ ആശയവിനിമയ സംവിധാനങ്ങളൊക്കെയും ഇല്ലാതാക്കിയതോടെ താഴ്വരയിലെ ജനങ്ങളാകെ ഭീതിയിലാണ്.

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കശ്മീരികൾ അടിസ്ഥാനപരമായ മനുഷ്യാവകാശവും ഇല്ലായ്മ ചെയ്യപ്പെട്ട് മൃഗങ്ങളെപ്പോലെ കൂട്ടിലകപ്പെട്ടു കിടക്കുകയാണ്.ഞാൻ എന്റെ വീട്ടിൽത്തന്നെയാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്. സന്ദർശകർ ഗേറ്റിനു മുൻപിൽ വന്നശേഷം തിരിച്ചുപോകുന്ന കാര്യം ഞങ്ങൾ പോലും അറിയുന്നില്ല. എനിക്കാണെങ്കിൽ പുറത്തിറങ്ങാനും സാധിക്കുന്നില്ല.

ഞാന്‍ ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും ഭാഗമല്ല , മറിച്ച് നിയമം പഠിക്കുന്ന ഒരു പൗരയാണ്. എന്റെ തടവിനുള്ള കാരണമായി സൈന്യം ചൂണ്ടികാണിക്കുന്നത് വ്യത്യസ്ത ഓൺലൈൻ മാദ്ധ്യമങ്ങളിലും പത്രങ്ങളിലും വന്നിട്ടുള്ള എന്റെ അഭിമുഖങ്ങളാണ്.

ഞാൻ വീണ്ടും സംസാരിച്ചാൽ പ്രത്യാഘാതങ്ങൾ ഏൽക്കേണ്ടി വരുമെന്ന ഭീഷണിയും എനിക്കു നേരിടേണ്ടിവന്നു. ഈ അഭിമുഖങ്ങളിലെല്ലാം പറയുന്നത് ആർട്ടിക്കിൾ 370-ന്റെ റദ്ദാക്കലും തുടർന്നുണ്ടായ നിരോധനാജ്ഞയുമാണ്.

എന്റെ ഉമ്മയുടെ സുരക്ഷയെ ഓർത്ത് ഞാൻ ആശങ്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഓഗസ്റ്റ് അഞ്ചിന് ജയിലിലാക്കപ്പെട്ട രാഷ്ട്രീയത്തടവുകാരെക്കുറിച്ചോർത്തും.

എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ശബ്ദം അടിച്ചമർത്തപ്പെട്ട കശ്മീരികൾക്കു വേണ്ടി സംസാരിച്ചതിന് എന്തിനാണു ഞാൻ തടവിലാക്കപ്പെട്ടതെന്ന് എനിക്കു മനസ്സിലാക്കാനായിട്ടില്ല. ഞങ്ങൾ നേരിടുന്ന വേദനയും പീഡനവും അവജ്ഞയും പ്രകടിപ്പിക്കുന്നത് ഒരു തെറ്റാണോ?

ഞങ്ങളുടെ അവസ്ഥ വിശദീകരിച്ചതിനാണോ ഈ തടവ്? എന്നെ തടവിലാക്കിയ നിയമം എന്താണെന്നും അതെത്രനാൾ തുടരുമെന്നും ഒന്നു ദയവുചെയ്തു പറയുമോ? നിയമസഹായത്തിലേക്കു ഞാൻ പോകേണ്ടതുണ്ടോ? എന്നും ഇവർ ചോദിക്കുന്നു.

വളരെയധികം ശ്വാസംമുട്ടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഞാൻ. എന്റെ പ്രായമായ ഉമ്മൂമ്മയ്ക്ക് അവരുടെ മകനെ കാണാൻ അനുമതി നൽകണമെന്നു ഞാൻ അപേക്ഷിക്കുകയാണ്. അതോ അവരും നിങ്ങൾക്കു ഭീഷണിയാണോ?

സങ്കൽപ്പിക്കാനാവാത്ത അടിച്ചമർത്തലിനുള്ളിൽ ശബ്ദിക്കാനുള്ള അവകാശം പോലും നഷ്ടപ്പെട്ടാണോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം നിൽക്കേണ്ടത്? സത്യമേവ ജയതേ, സത്യം മാത്രം ജയിക്കട്ടെ എന്ന്. അതാണു നമ്മുടെ രാജ്യത്തിന്റെ ആവേശവും ഭരണഘടനയും.

സുഖകരമല്ലാത്ത സത്യം പറഞ്ഞതിന് ഒരു യുദ്ധക്കുറ്റവാളിയെപ്പോലെ എന്നെ കാണുന്നത് ശരിക്കും ഒരു പരിതാപകരമായ വിരോധാഭാസമാണ്.

ഈ കത്ത് പോസ്റ്റ് ചെയ്യാത്തതിന്റെ കാരണം ഇതാണ് നിങ്ങൾ ഇവിടത്തെ പോസ്റ്റൽ സേവനങ്ങൾ നിർത്തിവെച്ചിരിക്കയാണല്ലോ എന്നും ഇവർ പറയുന്നു.

എന്റെ സത്യം വിജയിക്കട്ടെ എന്ന വരിയോടെയാണ് കത്ത് അവസാനിക്കുന്നത്.

Read More >>