'ആംആദ്മിയെ പുകഴ്ത്തണമെങ്കില്‍ നിങ്ങള്‍ കോണ്‍ഗ്രസ് വിട്ടു പുറത്തു പോകൂ': കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറക്കെതിരെ അജയ് മാക്കൻ

വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കണമെങ്കിൽ നിങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടു പോകാമെന്നായിരുന്നു അജയ് മാക്കാന്റെ പ്രതികരണം.

ന്യൂഡൽഹി: ആംആദ്മി പാർട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹത്തിന്‍റെ സർക്കാറിനെയും പ്രശംസിച്ച കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറക്കെതിരെ അജയ് മാക്കൻ.

വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കണമെങ്കിൽ നിങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടു പോകാമെന്നായിരുന്നു അജയ് മാക്കാന്റെ പ്രതികരണം.

സഹോദരാ നിങ്ങൾക്ക് ഐ എസി വിട്ടുപോകണമെങ്കിൽ ദയവ് ചെയ്ത് അത് ചെയ്യൂവെന്നും അതിനു ശേഷം കൃത്യതയില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കൂവെന്നും അജയ്മാക്കൻ ട്വീറ്റ് ചെയ്തു.

അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ വരുമാന വർദ്ധന സംബന്ധിച്ച് മിലിന്ദ് ദിയോറ ട്വീറ്റ് ചെയ്തതിനെ വിമർശിച്ചാണ് അജയ് മാക്കാന്റെ പരാമർശം.

'അറിയപ്പെടാത്തതും സ്വാഗതാർഹവുമായ ഒരു വസ്തുത പങ്കുവെക്കുന്നു - അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സർക്കാർ വരുമാനം ഇരട്ടിയാക്കി 60,000 കോടി രൂപയായി. കഴിഞ്ഞ 5 വർഷത്തിനിടയിൽ വരുമാന മിച്ചം നിലനിർത്തി.

ഡല്‍ഹി ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ധനപരമായ വിവേകമുള്ള സർക്കാരുകളിൽ ഒന്നാണ്'- എന്നായിരുന്നു ദിയോറയുടെ ട്വീറ്റ്.

ആംആദ്മി പാര്‍ട്ടിയുടെ വിജയത്തെ പ്രശംസിച്ച കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് പി ചിദംബരത്തിനെതിരെ പാര്‍ട്ടി നേതാവ് ശര്‍മിഷ്ഠ മുഖര്‍ജി രംഗത്ത് വന്നിരുന്നു.

ബിജെപിയെ തോൽപ്പിക്കുക എന്ന ഉത്തരവാദിത്തം കോൺഗ്രസ് മറ്റ് പ്രാദേശിക പാർട്ടികൾക്ക് പുറംപണിക്കരാർ കൊടുത്തിരിക്കുകയാണോയെന്നും അതല്ലെങ്കിൽ എന്തുകൊണ്ടാണ് നമുക്ക് കിട്ടിയ പ്രഹരത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നതിന് പകരം ആം ആദ്മി പാർട്ടിയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നത്. പുറംകരാർ കൊടുത്തു എന്നാണെങ്കിൽ നമ്മൾ കടപൂട്ടുന്നതാണ് നല്ലതെന്നുമായിരുന്നു ശർമിഷ്ഠയുടെ വിമര്‍ശനം.Next Story
Read More >>